ടാറ്റാ ഗ്രൂപ്പ് ഓഹരികള്‍ ഇനിയും മുന്നേറുമോ?


മുംബൈ- ടാറ്റാ ഗ്രൂപ്പ് ഓഹരികള്‍ ഇനിയും മുന്നേറുമോ? വിപണി വിദഗ്ധര്‍ ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ് ഇക്കാര്യം.
നവംബര്‍ മാസത്തില്‍ രണ്ടാം പാദഫലം പ്രഖ്യാപിച്ച മൂന്ന് ടാറ്റ ഗ്രൂപ്പ് ഓഹരികള്‍ക്കും വിപണിയില്‍ മുന്നേറ്റമാണ്. രണ്ടാം പാദഫലം പരിശോധിച്ചാല്‍ മികച്ച വരുമാനം നേടിയ കമ്പനിയാണു ടാറ്റ മോട്ടോഴ്സ്. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ കമ്പനിയാണ് ടൈറ്റന്‍ . അതേസമയം 2024 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ടാറ്റ സ്റ്റീല്‍ നഷ്ടത്തിലാണ്. എന്നിട്ടും ബ്രോക്കറേജുകള്‍ മൂന്ന് ടാറ്റ ഓഹരികളിലും മുന്നേറ്റ സാധ്യത കാണുന്നുണ്ട്.
ബ്രോക്കറേജ് കമ്പനികളായ മോത്തിലാല്‍ ഒസ്വാള്‍, ജെഎം ഫിനാന്‍ഷ്യല്‍സ്, പ്രഭുദാസ് ലില്ലാധര്‍ എന്നിവര്‍ ടാറ്റ ഗ്രൂപ്പ് ഓഹരികളില്‍ ബൈ റേറ്റിംഗ് നല്‍കുന്നുണ്ട്. 28 ശതമാനം വരെ ഇവയ്ക്ക് മുന്നേറ്റ സാധ്യതയുണ്ടെന്നാണ് ഇവര്‍ വിലയിരുത്തുന്നത്.

ടാറ്റ മോട്ടോഴ്സ്
രണ്ടാം പാദത്തില്‍ 3783 കോടി രൂപയുടെ അറ്റാദായമാണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍വര്‍ഷത്തെ രണ്ടാം പാദത്തില്‍ 1,004 കോടി രൂപയുടെ നഷ്ടമാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തത്. വരുമാനം 105128 കോടിയായി ഉയര്‍ന്നു. ഇബിഐടിഡിഎ മാര്‍ജിന്‍ നാലു ശതമാനം വര്‍ധിച്ച് 13.7 ശതമാനമായി.
ഇബിഐടിഡിഎ 86.4 ശതമാനം വര്‍ധിച്ച് 14,400 കോടി രൂപയായാണ്. എല്ലാ ഓട്ടോ വെര്‍ട്ടിക്കലുകളും രണ്ടാം പാദത്തില്‍ ലാഭകരമായ വളര്‍ച്ചയുണ്ടാക്കാന്‍ ടാറ്റ മോട്ടോഴ്‌സിനായി. ജാഗ്വര്‍ ആന്‍ഡ് ലാന്‍ഡ് റോവറിന്റെ മികച്ച റിസള്‍ട്ടാണ് ടാറ്റ മോട്ടോഴ്സിന് മുന്നേറ്റമുണ്ടാക്കിത്. വരുമാനം 30.4 ശതമാനം ഉയര്‍ന്ന് 6.9 ബില്യണ്‍ യൂറോയിലെത്തി.

ടാറ്റ മോട്ടോഴ്സിന്റെ രണ്ടാം പാദഫലങ്ങള്‍ക്ക് ശേഷം പ്രഭുദാസ് ലില്ലാധര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ടാറ്റ മോട്ടോഴ്‌സ് ഓഹരികള്‍ക്ക് 785 രൂപയാണ് ബ്രോക്കറേജ് പുതുക്കിയ ലക്ഷ്യവില. ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ ശക്തമായ വരുമാനം, ലാഭം എന്നിവ ഇതിനൊരു കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ടാറ്റ സ്റ്റീല്‍
രണ്ടാം പാദത്തില്‍ 6,511 കോടി രൂപ നഷ്ടമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ പാദത്തില്‍ 525 കോടി രൂപയുടെ ലാഭമാണ് കമ്പനി രേഖപ്പെടുത്തിയത്. 2002 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 1,297 കോടി രൂപയുമാണ് അറ്റാദായം. ഏകീകൃത വിറ്റുവരവ് അവസാന പാദത്തില്‍ 55,682 കോടി രൂപയായി കുറഞ്ഞു. ഉല്‍പ്പാദനം തുടര്‍ച്ചയായി സ്ഥിരതയുള്ളതായിരുന്നെങ്കിലും ഡെലിവറികള്‍ ക്വാര്‍ട്ടര്‍-ഓണ്‍-ക്വാര്‍ട്ടര്‍, ഇയര്‍-ഓണ്‍-ഇയര്‍ അടിസ്ഥാനത്തില്‍ കുറഞ്ഞു. യൂറോപ്പിലെ ബിസിനസ് ഇടിഞ്ഞതാണ് ടാറ്റ സ്റ്റീലിനെ രണ്ടാം പാദത്തില്‍ നഷ്ടത്തിലാക്കിയത്.
യൂറോപ്പ് വിപണി ഇടിവാണെങ്കിലും സ്ഥിരതയുള്ള ഇന്ത്യന്‍ ബിസിനസ് പ്രകടനം കാരണമാണ് ബ്രോക്കറേജുകള്‍ ടാറ്റ സ്റ്റീലിന് മികച്ച ഭാവി കാണുന്നത്. 150 രൂപ ലക്ഷ്യവിലയില്‍ ജെഎം ഫിനാന്‍ഷ്യല്‍ സര്‍വീസ് ടാറ്റ സ്റ്റീല്‍ ഓഹരിക്ക് ബൈ റേറ്റിംഗ് നല്‍കുന്നുണ്ട്. 119.30 രൂപ നിലവാരത്തില്‍ വ്യാപാരം നടക്കുന്ന ഓഹരിക്ക് 25 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയാണുള്ളത്.

ടൈറ്റാന്‍

ടാറ്റ ഗ്രൂപ്പ് കമ്ബനിയായ ടൈറ്റന്‍ രണ്ടാം പാദത്തില്‍ ആരോഗ്യപരമായ ഫലമാണ് പ്രഖ്യാപിച്ചത്. ടൈറ്റാന്‍ 916 കോടി രൂപ അറ്റാദായം നേടി. ഒരു വര്‍ഷം മുമ്ബ് ഇതേ പാദത്തില്‍ 835 കോടി രൂപയാണ് നേടിയ ലാഭം. ഇതില്‍ നിന്ന് 10 ശതമാനത്തിന്റെ വര്‍ധനവാണിത്.

ഏകീകൃത വരുമാനം 12,529 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 9,163 കോടി രൂപയില്‍ നിന്ന് 36.73 ശതമാനം വര്‍ധിച്ചു. മോത്തിലാല്‍ ഓസ്വാള്‍ 3,900 രൂപയാണ് ഓഹരിക്ക് നല്‍കുന്ന ലക്ഷ്യവില. 3293 രൂപയില്‍ ലഭ്യമായ ഓഹരിക്ക് 19 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയുണ്ട്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന സ്റ്റോറി റിസര്‍ച്ച് ആവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദിയല്ല.