അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് വീണ്ടും കഷ്ടകാലം

മുംബൈ- അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് വീണ്ടും കഷ്ടകാലം. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ വീണ്ടും ആരോപണങ്ങള്‍ ഉയര്‍ന്നതോടെ അദാനി ഗ്രൂപ്പ് ഓഹരികള്‍ കനത്ത ഇടിവ് നേരിട്ടു. ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുള്ളവര്‍ മൗറീഷ്യസിലെ വ്യാജ കമ്പനികള്‍ വഴി അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളില്‍ രഹസ്യ നിക്ഷേപം നടത്തിയെന്നാണ് പുതിയ ആരോപണം.

അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുള്ളവര്‍ മൗറീഷ്യസില്‍ കടലാസ് കമ്പനികള്‍ സ്ഥാപിച്ച്, അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനികളില്‍ കോടിക്കണക്കിന് ഡോളറിന്റെ രഹസ്യനിക്ഷേപം നടത്തിയതായാണ് ആരോപണം. അദാനിയുമായി ബന്ധമുള്ള നാസര്‍ അലി ഷെഹബാന്‍ ആഹ്ലി, ചാങ് ചുങ് ലിങ് എന്നിവരുടെ കമ്പനികള്‍ വഴി 2013-18 കാലയളവില്‍ നിയമവിരുദ്ധമായി നിക്ഷേപം നടത്തിയെന്ന് ഒ.സി.സി.ആര്‍.പി പറയുന്നു. പ്രമോട്ടര്‍ പങ്കാളിത്തം സംബന്ധിച്ച സെബിയുടെ ചട്ടങ്ങളും ലംഘിച്ചെന്നും, ഓഹരിവില കൃത്രിമമായി ഉയര്‍ത്തിയെന്നുമെല്ലാം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങളില്‍ പലതും ഒ.സി.സി.ആര്‍.പിയും ഉന്നയിക്കുന്നു

2023 ജനുവരി 24നാണ് അമേരിക്കന്‍ ഷോര്‍ട് സെല്ലിങ് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനി ഗ്രൂപ്പിനെ പിടിച്ചുലച്ച ആരോപണങ്ങളുമായി രംഗത്തെത്തിയത്. മൗറീഷ്യസ് അടക്കമുള്ള സ്ഥലങ്ങളില്‍ ഷെല്‍ കമ്പനികള്‍ സ്ഥാപിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും, ഓഹരിവിലകളില്‍ കൃത്രിമം കാണിച്ചുവെന്നും അടക്കമുള്ള ആരോപണങ്ങളാണ് നഥാന്‍ ആന്‍ഡേഴ്‌സന്റെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഉന്നയിച്ചത്. ഇതേത്തുടര്‍ന്ന് പത്ത് അദാനി ഗ്രൂപ്പ് ഓഹരികളും തകര്‍ന്നു വീണു.

പിന്നീട് ജിക്യുജി പാര്‍ട്‌ണേഴ്‌സിന്റെ വന്‍ നിക്ഷേപമെത്തിയത് ഓഹരിവിലകള്‍ ചെറിയ രീതിയില്‍ തിരികെ കയറാന്‍ സഹായിച്ചു. സിംഗപ്പൂര്‍ അടക്കമുള്ള ഇടങ്ങളില്‍ റോഡ് ഷോ നടത്തിയും, ഗള്‍ഫിലെ നിക്ഷേപങ്ങള്‍ നേടിയും തിരിച്ചു വരവിന് അദാനി കിണഞ്ഞു ശ്രമിക്കുമ്പോഴാണ് പുതിയ ആരോപണം ഉണ്ടായിരിക്കുന്നത്. ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങളില്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള, സെബിയുടെ അടക്കമുള്ള അന്വേഷണങ്ങള്‍ നടക്കുകയുമാണ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഏകദേശം 15,000 കോടി ഡോളറിന്റെ ഇടിവാണ് അദാനി ഓഹരികളിലുണ്ടായത്. ഇതിനിടെ, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഓഹരികള്‍ ഇടിഞ്ഞപ്പോള്‍ ഷോര്‍ട് സെല്ലിങ് വഴി ഇന്ത്യയിലെ ഒരു സ്വകാര്യ ബാങ്കടക്കം 12 കമ്പനികള്‍ നേട്ടമുണ്ടാക്കിയെന്ന് ഇഡി കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ച അതേ കാര്യങ്ങളാണ് ഒ.സി.സി.ആര്‍.പി ഉന്നയിക്കുന്നതെന്ന പ്രതികരണം അദാനി ഗ്രൂപ്പ് വേഗത്തില്‍ നടത്തി.