കാണാനാളില്ല; ദ് കേരള സ്റ്റോറി തിയേറ്ററുകളില്‍ നിന്നു പിന്‍വലിക്കുന്നു


തിരുവനന്തപുരം.
കേരളത്തെ മോശമായി ചിത്രീകരിക്കുന്ന ദ് കേരള സ്‌റ്റോറി എന്ന സിനിമ ഇന്നു റിലീസ് ചെയ്‌തെങ്കിലും തിയേറ്ററുകളില്‍ കാണാനാളില്ല. സംസ്ഥാനത്തെ തീവ്രവാദ കേന്ദ്രമാക്കി ചിത്രീകരിക്കുകയും മത സൗഹാര്‍ദ്ദ അന്തരീക്ഷത്തെ തകര്‍ക്കുകയും ചെയ്യുന്ന സിനിമയെന്ന നിലയില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നു സിനിമക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇന്നലെ റിലീസ് ചെയ്ത ദ് കേരള സ്‌റ്റോറി 50 സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കാനായിരുന്നു നിര്‍മാതാക്കള്‍ പദ്ധതിയിട്ടത്. എന്നാല്‍ 17 ഇടത്തു മാത്രമാണ് പ്രദര്‍ശിപ്പിച്ചത്. ഇതില്‍ ചില സ്‌ക്രീനുകള്‍ ഒരു ഷോ മാത്രം പ്രദര്‍ശിപ്പിച്ച ശേഷം ഒഴിവാക്കി.
അതേസമയം കേരളത്തിലെ തീയേറ്ററുകളില്‍ എങ്ങും പ്രദര്‍ശനത്തിന് വിലക്കോ, എതിര്‍പ്പോ ഉണ്ടായില്ല. സിനിമ കാണാന്‍ തീരെ ആളുകുറവായിരുന്നു. തിരുവനന്തപുരത്ത് ഏരിയസ് പ്ലസില്‍ മാത്രമേ പ്രദര്‍ശനമുണ്ടായുള്ളൂ. ആളില്ലാത്തതിനെത്തുടര്‍ന്നു സിനിമ മാറ്റുകയുംചെയ്തു.
മലബാറില്‍ 10 സ്‌ക്രീനുകളില്‍നിന്ന് ചിത്രം മാറ്റി. മൂന്നു സ്‌ക്രീനുകളില്‍ മാത്രമായി റിലീസ്. കൊച്ചിയില്‍ 30 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിന് കരാറിലെത്തിയിരുന്നെങ്കിലും പി.വി.ആര്‍., സിനിപോളിസ് എന്നിവയടക്കമുള്ള ഒട്ടുമിക്ക തിയേറ്ററുകളും പിന്മാറി. തീരെക്കുറച്ച് സ്‌ക്രീനുകളിലേ ചിത്രമെത്തിയുള്ളൂ.
ഹിന്ദു പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് മതംമാറ്റി സിറിയയിലേക്ക് കടത്തി ഐ.എസില്‍ ചേര്‍ത്തെന്നാണ് സിനിമയിലെ ഇതിവൃത്തം. കോടതിയിലും ഭരണകൂടവും തള്ളിക്കളഞ്ഞ ലൗജിഹാദാണ് സിനിമയില്‍ സുദീപ്‌തോ സെന്‍ കാണിക്കാന്‍ ശ്രമിച്ചിരിക്കുന്നത്.