കേരളത്തിന് രണ്ട് വന്ദേഭാരത് കൂടി അനുവദിച്ചേക്കും

75-ാം സ്വാതന്ത്ര്യദിനത്തിന് 75 വന്ദേഭാരത് എക്‌സ്പ്രസുകള്‍

അന്‍ഷാദ് കൂട്ടുകുന്നം

തിരുവനന്തപുരം. സംസ്ഥാനത്ത് രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകള്‍ കൂടി ഈ വര്‍ഷം അനുവദിച്ചേക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് വന്ദേഭാരത് എക്‌സ്പ്രസ് കൂടി അനുവദിക്കുമെന്നാണ് റെയില്‍വെ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കൊച്ചി-ബാംഗ്ലൂര്‍, കന്യാകുമാരി- കോഴിക്കോട് റൂട്ടുകളിലാണ് പുതിയ വന്ദേഭാരത് പരിഗണിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അനുവദിച്ചാല്‍ തമിഴ്‌നാട്, കേരളം, കര്‍ണാടക സംസ്ഥാനങ്ങളില്‍ മുന്നേറ്റമുണ്ടാക്കാമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. ഈ വര്‍ഷം ഓഗസ്റ്റില്‍ രാജ്യത്തെ 75-ാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് 75 പുതിയ വന്ദേഭാരതാണ് പരിഗണിക്കുന്നത്.

ഇതില്‍ ഒരെണ്ണം കേരളത്തിന് ലഭിക്കും. തുടര്‍ന്ന് ഡിസംബറോടു കൂടി അടുത്ത ഒരെണ്ണം കൂടി അനുവദിക്കും. ജൂണ്‍ അവസാനത്തോടു കൂടി അഞ്ച് പുതിയ വന്ദേഭാരത് കൂടി രാജ്യത്ത് ഓടിത്തുടങ്ങും. ഇതില്‍ ഒന്ന് ഒഡിഷയെയും പശ്ചിമ ബംഗാളിനെയും ബന്ധിപ്പിച്ചാണ് ഓടുക. ഒഡിഷയിലേത് ആദ്യ വന്ദേഭാരതാണ്. ബീഹാര്‍, ജാര്‍ഖണ്ഡ്, അസ്സം എന്നീ സംസ്ഥാനങ്ങള്‍ക്കും ജൂണില്‍ വന്ദേഭാരത് അനുവദിക്കും. കേരളത്തില്‍ വന്ദേഭാരതിനു ലഭിക്കുന്ന അംഗീകാരവും ഒപ്പം യാത്രക്കാരുടെ ആധിക്യവും കൂടുതല്‍ എണ്ണം സംസ്ഥാനത്ത് അനുവദിച്ചാല്‍ മെച്ചമുണ്ടാക്കാമെന്നാണ് റെയില്‍വെ കണക്കുകൂട്ടുന്നത്. രാഷ്ട്രീയമായും നേട്ടമുണ്ടാക്കാമെന്ന് ബി.ജെ.പിയും കരുതുന്നു.

അതേസമയം സംസ്ഥാനത്ത് ഓടിത്തുടങ്ങിയ വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യ 6 ദിവസത്തെ യാത്രയില്‍ 27000 പേരാണ് യാത്ര ചെയ്തത്. 6 ദിവസത്തെ യാത്രയില്‍ 2.7 കോടി രൂപ വരുമാനം നേടി. മെയ് 14 വരെ സീറ്റ് ബുക്കിങ് ഫുള്‍ ആണ്. 2019ലാണ് രാജ്യത്ത് വന്ദേഭാരത് ഓടിത്തുടങ്ങിയതെങ്കിലും കേരളത്തില്‍ ലഭിച്ചത് ഇപ്പോഴാണ്.