കേരളത്തില്‍ ഇന്റര്‍നെറ്റ് വിപ്ലവം; 3000 ജി.ബി ഇന്റര്‍നെറ്റിന് മാസം 299 രൂപ മാത്രം

കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് കെ.ഫോണ്‍ തിരിച്ചടിയാകും

അന്‍ഷാദ് കൂട്ടുകുന്നം
തിരുവനന്തപുരം. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് വിപ്ലവം സൃഷ്ടിച്ച് കെ.ഫോണ്‍ താരിഫ് പുറത്തിറക്കി. 299 രൂപയാണ് കുറഞ്ഞ മാസ നിരക്ക്. ആറു മാസം വാലിഡിറ്റിയുള്ള പാക്കേജിന് ചെലവാകുന്നത് 1794 രൂപയാണ്. നിലവില്‍ സംസ്ഥാനത്ത് സ്വകാര്യ കമ്പനികളും ബി.എസ്.എന്‍.എലും 28 ദിവസത്തേക്കു 250 രൂപയ്ക്കു മുകളില്‍ ചാര്‍ജ് ഈടാക്കുമെങ്കിലും 45 ജി.ബി മുതല്‍ 60 ജി.ബി വരെയാണ് നല്‍കുന്നത്.
299 രൂപ പാക്കേജില്‍ 20 എംബിപിഎസ് (സെക്കന്‍ഡില്‍ 20 എംബി) അടിസ്ഥാന വേഗതയില്‍ ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭിക്കും. 3000 ജി.ബി 30 എം.ബി.പി.എസ് വേഗതയാകുമ്പോള്‍ 349 രൂപയാണ്. ആറു മാസത്തേക്ക് 2094 രൂപയാകും. ഏറ്റവും ഉയര്‍ന്ന പാക്കേജായ മാസം 1249 രൂപയ്ക്ക് 5000 ജി.ബി 250 എം.ബി.പി.എസ് വേഗതയില്‍ ലഭിക്കും. 399, 499 599 799 എന്നീ നിരക്കുകളിലും പ്ലാനുകള്‍ ലഭ്യമാണ്. 999 രൂപയ്ക്ക് ഒരു മാസത്തേക്ക് 5000 ജി.ബി 200 എം.ബി.പി.എസ് സ്പീഡില്‍ ലഭിക്കും.
17412 സര്‍ക്കാര്‍ ഓഫിസുകളിലും 9000 വീടുകളിലുമാണ് ആദ്യം ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത്.
കേരളത്തിലെ 75 ലക്ഷം കുടുംബങ്ങളിലും ഇന്റര്‍നെറ്റ് സേവനം നല്‍കാമെന്നാണ് കണക്കുകൂട്ടല്‍. ഇതില്‍ 20 ലക്ഷത്തോളം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായി കെഫോണ്‍ വഴി ഇന്റര്‍നെറ്റ് ലഭിക്കും. മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും വാണിജ്യ അടിസ്ഥാനത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കെഫോണ്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ആദ്യ ഘട്ടത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 14,000 വീടുകളിലും 30,000ത്തില്‍പരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമാകും കെഫോണിന്റെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാവുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പട്ടികയനുസരിച്ച് ആദ്യ ഘട്ടത്തില്‍ ഒരു നിയമസഭാ മണ്ഡലത്തിലെ നൂറു വീടുകള്‍ എന്ന നിലയിലാണ് കെഫോണ്‍ കണക്ഷന്‍ നല്‍കുന്നത്. 18,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 9,000 ല്‍പരം വീടുകളിലും ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. 17,412 സ്ഥാപനങ്ങളിലും 2,105 വീടുകളിലും നിലവില്‍ കെഫോണ്‍ വഴി ഇന്‍ര്‍നെറ്റ് സേവനം നല്‍കുന്നുണ്ട്.