റിയൽ എസ്റ്റേറ്റ് മേഖലയിൽ തർക്കങ്ങൾ ഒഴിവാക്കാൻ പ്രൊമോട്ടർമാരുടെ സഹകരണം വേണം – പി.എച്ച്. കുര്യന്‍



 തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് മേഖലയിൽ തർക്കങ്ങൾ ഒഴിവാക്കാൻ പ്രൊമോട്ടർമാരുടെ പൂർണ സഹകരണം വേണമെന്ന് കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ – റെറ) ചെയര്‍മാന്‍ പി. എച്ച്. കുര്യന്‍. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പ്രോമോട്ടര്‍മാരെ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ചെയര്‍മാന്‍ സഹകരണം ആവശ്യപ്പെട്ടത്.             കേരളത്തിലെ എല്ലാ റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റുകളുടേയും ഭൗതികവും സാമ്പത്തികവുമായ പുരോഗതി കെ – റെറ കൃത്യമായി നിരീക്ഷിച്ചു വരുന്നുണ്ട്. റെറ ചട്ടങ്ങൾ പാലിക്കുന്നതിലൂടെ പ്രൊമോട്ടർമാരുടെ വിശ്വാസ്യതയും നിയമ പരിരക്ഷയും ഉറപ്പിക്കപ്പെടുകയാണ് എന്നും അദ്ദേഹം ഓർമിപ്പിച്ചു. തർക്കങ്ങൾ ലഘൂകരിച്ച് പ്രൊജക്റ്റുകൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഉതകുന്ന നിർദേശങ്ങൾ ചെയർമാൻ യോഗത്തിൽ അവതരിപ്പിച്ചു. 

റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റുകളുടെ വിപണനത്തിന് കൂടുതൽ സുതാര്യത വരുത്താനായി പ്രൊമോട്ടർമാർ സാക്ഷ്യപ്പെടുത്തേണ്ട ഫോമുകളിൽ ഏതെല്ലാം വിധത്തിലുള്ള ഭേദഗതികൾ വരുത്താൻ കഴിയും എന്ന് യോഗം ചർച്ച ചെയ്തു. യോഗത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിലുള്ള പ്രൊമോട്ടർമാരുടെ സംശയങ്ങൾ ചെയർമാൻ ദൂരീകരിച്ചു.      മൂന്നു ജില്ലകളിൽ നിന്നുമായി എണ്‍പതിലധികം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. കെ-റെറ സാങ്കേതിക- ഭരണവിഭാഗം സെക്രട്ടറി വൈ. ഷീബ റാണി സ്വാഗതമാശംസിച്ചു. നിയമകാര്യ വിഭാഗം സെക്രട്ടറി വി. പദ്മ, ഡെപ്യൂട്ടി ഡയറക്ടർമാരായ എസ്. ജെ. ദുർഗ, സിബിൻ രാജൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.