നഷ്ടത്തിലായ ലോഫ്ലോര്‍ ബസുകള്‍ ലാഭത്തിലാക്കുക ലക്ഷ്യം
തിരുവനന്തപുരം: കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് എ.സി യാത്രാസൗകര്യം ഒരുക്കി കെഎസ്ആര്‍ടിസി. പ്രധാനമായും തലസ്ഥാനത്തെ ഓഫീസുകളില്‍ എത്തുന്നവര്‍ക്ക് എത്തിച്ചേരുന്ന വിധത്തിലാണ് സര്‍വ്വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ആദ്യ പരീക്ഷണം എന്ന നിലയ്ക്ക് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങില്‍ നിന്നും രാവിലെ 7.15ന് സര്‍വ്വീസ് ആരംഭിച്ച് 9.30 തിന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് സര്‍വ്വീസ് നടത്തുക. ന?ഗരത്തില്‍ എത്തിയാല്‍ സിറ്റിക്കുള്ളില്‍ സര്‍വ്വീസ് നടത്തുന്ന സിറ്റി സര്‍വ്വീസുകളില്‍ ഇവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഓഫീസുകളില്‍ എത്തിച്ചേരാനും ആകും.
കെഎസ്ആര്‍ടിസിയുടെ ലോ ഫ്ലോര്‍ എസി ബസുകളാണ് ജനത സര്‍വ്വീസുകളായി സര്‍വ്വീസ് ആരംഭിക്കുന്നത്. 20 രൂപ മുതലാണ് മിനിമം ടിക്കറ്റ് ആരംഭിക്കുന്നത്. സാധാരണ യാത്രക്കാര്‍ക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ എ സി ബസ്സില്‍ യാത്ര ചെയ്യാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള സര്‍വീസിന് ഫാസ്റ്റിനേക്കാള്‍ അല്പം കൂടിയ നിരക്കും, സൂപ്പര്‍ ഫാസ്റ്റിനേക്കാള്‍ കുറഞ്ഞ നിരക്കുമാണ് ഉള്ളത്. അധിക കിലോമീറ്ററിന് 108 പൈസ എന്ന നോണ്‍ എ. സി സൂപ്പര്‍ ഫാസ്റ്റ് നിരക്ക് തന്നെയാണ് ഈടാക്കുക.
കൊല്ലം കൊട്ടാരക്കര യൂണിറ്റുകളില്‍ നിന്നും എല്ലാ ഫാസ്റ്റ് സ്റ്റോപ്പിലും നിര്‍ത്തുന്ന ജനത സര്‍വ്വീസ് രാവിലെ 7.15 ന് ആരംഭിച്ച് 9.30 ന് തിരുവന്തപുരത്ത് എത്തിച്ചേരും തുടര്‍ന്ന് 10 മണിക്ക് തിരികെ പോകുന്ന ബസുകള്‍ 12 മണിക്ക് തിരികെ കൊല്ലത്തും, കൊട്ടരക്കരയിലും എത്തിച്ചേരും, തുടര്‍ന്ന് വീണ്ടും ഉച്ചക്ക് 2.20 ന് പുറപ്പെട്ട് 4.30 ന് തിരുവനന്തപുരത്ത് എത്തി 5 മണിക്ക് തമ്പാനൂര്‍ വഴുതക്കാട് സ്റ്റാച്ചു , പട്ടം (മെഡിക്കല്‍ കോളേജ് – കൊല്ലം ബസ്) കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ ഓഫീസുകളെ ബന്ധിപ്പിച്ച് തിരികെ പോയി രാത്രി 7.15 ന് സര്‍വീസ് അവസാനിപ്പിക്കും.
ഓരോ ഡിപ്പോകളെയും ഹബ്ബുകളായും, പ്രധാന ബസ് സ്റ്റേഷനുകളെ റീജിയണല്‍ ഹബ്ബുകളായും, അങ്കമാലി ബസ് സ്റ്റേഷനെ സെന്‍ട്രല്‍ ഹബ്ബായും ക്രമീകരിച്ചുള്ള സര്‍വീസുകളാണ് ജനത എ.സി ബസുകള്‍ക്കായി ക്രമപ്പെടുത്തുന്നത്, ഹബ് ആന്റ് സ്പോക്ക് മാതൃകയില്‍ ശാസ്ത്രീയമായി പുനക്രമീകരിച്ച് സര്‍വ്വീസുകള്‍ നടത്തും. ഇതിന്റെ ക്രമീകരണങ്ങള്‍ താഴെ പറയുന്ന പ്രകാരംനടന്ന് വരികയാണ്.
- ഫസ്റ്റ് മൈല്‍ കണക്ടിവിറ്റി നല്കി മിനി ഫീഡര്‍ സര്‍വീസുകള്‍ യാത്രക്കാരെ ബസ് റൂട്ടുകളിലേക്ക് എത്തിക്കും
- ഇത്തരം റൂട്ടുകളെ ഹബ്ബുമായി ( ഡിപ്പോകള്‍) ബന്ധിപ്പിക്കുന്ന ഓര്‍ഡിനറി ബസ്സുകള്‍ കൃത്യമായ ഇടവേളകളില്‍ യാത്രക്കാര്‍ക്ക് യാത്രാ സൗകര്യം ഒരുക്കും
- റീജിയണല്‍ ഹബ്ബുകളെ ( പ്രധാന ജില്ലാ കേന്ദ്ര ഡിപ്പോകളെ ) പരസ്പരം ബന്ധിപ്പിച്ച് ഒരു ജില്ലയില്‍ നിന്നും തൊട്ടടുത്ത ജില്ലയിലേക്ക് ഡി ടു ഡി സര്‍വീസുകള്‍ നടത്തും. ( എസി / നോണ്‍ എസി ജനത)
- തെക്ക്, വടക്ക്, സെന്‍ട്രല്‍ ഹബ്ബ് ഇവയെ ബന്ധിപ്പിച്ച് ഹബ് ( ഡിപ്പോ) ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ക്ലാസ് സര്‍വീസുകള്‍ നടത്തും.
ഇത്തരത്തില്‍ ക്രമീകരിക്കുന്ന ഡി. ടു ഡി സര്‍വ്വീസുകളുടെ ( ഖണ്ഡിക 3) പരീക്ഷണ സര്‍വ്വീസ് ആണ് ജനത എ.സി. സര്‍വ്വീസ്. ഇത് വിജയകരമെങ്കില്‍ എല്ലാ ജില്ലകളെയും പരസ്പരം ബന്ധിപ്പിച്ച് പുതിയ എ.സി ബസ് ഉപയോഗിച്ച് ജനത എ സി. സര്‍വീസ് ആരംഭിക്കും. ഇല്ലെങ്കില്‍ നോണ്‍ എസി ജനത സര്‍വ്വീസാകും ക്രമീകരിക്കുക
ജനത എ.സി ( ഡി ടു ഡി) സര്‍വീസ്
ഹബ്ബുകളിലും ( ഡിപ്പോകളില്‍ ) പ്രധാന ഫാസ്റ്റ് ബസ് സ്റ്റോപ്പുകളിലും എത്തുന്ന യാത്രക്കാര്‍ക്ക് ഡിപ്പോകളിലും ഇടയ്ക്കുള്ള സ്റ്റോപ്പുകളിലും ഇറങ്ങുന്നതിനും ഒരു ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേക്ക് സഞ്ചരിക്കുന്നതിനും സഹായകരമാണ് ഈ സര്‍വ്വീസുകള്‍.