മിലാനില്‍ ലുലു ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രം തുറന്നു

ഇറ്റാലിയൻ നഗരമായ മിലാനില്‍ ലുലു ‘വൈ ഇന്‍റര്‍നാഷണല്‍ ഇറ്റാലിയ’ എന്ന ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രം തുറന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സാന്നിധ്യത്തില്‍ ഇറ്റാലിയന്‍ സാമ്ബത്തിക വികസനകാര്യ മന്ത്രി ഗൈഡോ ഗൈഡസി പുതിയ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഈ കേന്ദ്രം വഴി സുഗമമായി ഭക്ഷ്യ ഉത്പന്നങ്ങളുടെ ലഭ്യതയും കയറ്റുമതിയും വിലസ്ഥിരതയും ഉറപ്പാക്കുകയാണ് ലുലു.

ഇറ്റലിക്കുപുറമെ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നു ഭക്ഷ്യ ഉത്പന്നങ്ങള്‍, ‘വൈ ഇന്‍റര്‍നാഷണല്‍ ഇറ്റാലിയ’യിലൂടെ ലുലുവിന്‍റെ ഭക്ഷ്യവിതരണ ശൃംഖലയുടെ ഭാഗമാകും. ഇടനിലക്കാരെ ഒഴിവാക്കി വിലസ്ഥിരതയോടെ ഗുണനിലവാരമുള്ള ഭക്ഷ്യ ഉത്പന്നങ്ങള്‍ ഉറപ്പാക്കുക എന്ന ലുലുവിന്‍റെ ലക്ഷ്യം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഇറ്റലിയിലെ പുതിയ ചുവടുവയ്പെന്ന് എം.എ. യൂസഫലി പറഞ്ഞു.

രണ്ടു വര്‍ഷത്തിനകം 20 കോടി യൂറോയുടെ കയറ്റുമതിയാണ് ലുലു ഇറ്റലിയില്‍നിന്നു ലക്ഷ്യമിടുന്നത്. പ്രാദേശിക തലത്തിലെ കര്‍ഷകര്‍, സഹകരണസംഘങ്ങള്‍ എന്നിവയില്‍നിന്ന് നേരിട്ടു സംഭരിക്കുന്നതിനാല്‍ ഇറ്റലിയുടെ കാര്‍ഷിക മേഖലയില്‍ കൂടുതല്‍ പുരോഗതിക്ക് വഴി തുറക്കുകയും അധികം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കപ്പെടുകയും ചെയ്യുമെന്ന് യൂസഫലി കൂട്ടിച്ചേര്‍ത്തു.