യെസ് ബാങ്ക് ഓഹരി വീണ്ടും കയറിത്തുടങ്ങി

മുംബൈ. ദീപാവലി പ്രത്യേക വ്യാപാര ദിനത്തിലെ ഉയര്‍ച്ച ഇന്നും തുടരാന്‍ ഓഹരിവിപണിക്കായില്ല. സെന്‍സെക്സ് 325.58 പോയിന്റ് താഴ്ന്ന് 64,933.87ലും നിഫ്റ്റി 82 പോയിന്റ് ഇടിഞ്ഞ് 19,443.50 ലും വ്യാപാരം അവസാനിപ്പിച്ചു.
രാജ്യത്തെ ആഭ്യന്തര വിപണിയിലെ അരക്ഷിതാവസ്ഥയാണ് ഇന്ന് വിപണിയെ ബാധിച്ചത്. യു.എസ് ട്രഷറി യീല്‍ഡ് വര്‍ധിച്ചതും ഡോളര്‍ ശക്തമായതും അടക്കമുള്ള സമ്മിശ്ര ആഗോള സൂചനകള്‍ക്കിടയിലാണ് ആഭ്യന്തര ഇക്വിറ്റി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിഞ്ഞത്. ഇടിവില്‍ ആരംഭിച്ച സൂചികകള്‍ വ്യാപാരാവസാനം വരെ ഇടിവ് തുടര്‍ന്നു.
നിഫ്റ്റി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് നിലവാരമായ 19,525.55 ന് എതിരെ 19,486.75 ലാണ് വ്യാപാരം ആരംഭിച്ചത്. 19,494.40 നും 19,414.75 നും ഇടയിലാണ് സൂചിക ഇന്‍ട്രാഡേ വ്യാപാരം നടത്തിയത്. സെന്‍സെക്സ് 65,158.31 ലാണ് വ്യാപാരം ആരംഭിച്ചത്. ഇന്‍ട്രാഡേയില്‍ 65,176.96 നും 64,853.36 നും ഇടയിലാണ് സെന്‍സെക്‌സ് വ്യാപാരം നടത്തിയത്.
യെസ് ബാങ്ക്്, കോള്‍ ഇന്ത്യ എന്നിവ അഞ്ചു ശതമാനത്തില്‍ അധികം വര്‍ധിച്ചു. യെസ് ബാങ്കിന് 21 ശതമാനത്തില്‍ അധികമാണ് കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കകം വര്‍ധിച്ചത്. കോള്‍ ഇന്ത്യയാകട്ടെ എട്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തി.
കേരളം ആസ്ഥാനമായുള്ള മണപ്പുറം ഫിനാന്‍സ് രണ്ടാംപാദ റിസള്‍ട്ടിനെത്തുടര്‍ന്ന് ഇന്ന് ആറ് ശതമാനം വര്‍ധിച്ചു.