കൊച്ചി: ഇന്ത്യയില്‍ റബര്‍ കര്‍ഷകര്‍ക്ക് ശുഭപ്രതീക്ഷ. വില സ്ഥിരമായിത്തുടങ്ങിയതോടെ ഉല്പാദനവും വര്‍ധിക്കുന്നു. അതേസമയം വരും വര്‍ഷങ്ങളില്‍ രാജ്യത്ത് റബര്‍ ഉപഭോഗം കൂടുകയും ഉല്പാദനം കുറയുകയും ചെയ്താല്‍ വില ഇനിയും വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.
ഉപയോഗം പത്തിരട്ടിയിലധികം വര്‍ധിക്കും
2030 ആകുമ്പോഴേക്കും ഇന്ത്യയ്ക്ക് വര്‍ഷം 120 ലക്ഷം മെട്രിക് ടണ്‍ റബര്‍ വേണ്ടിവരുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതേസമയം രാജ്യത്ത് ഉല്പാദിപ്പിക്കുന്നത് പ്രതിവര്‍ഷം ഏഴ് ലക്ഷം മെട്രിക് ടണ്‍ റബറാണ്. 2019ല്‍ മാത്രം അഞ്ച് ലക്ഷം മെട്രിക് ടണ്‍ റബര്‍ ഇറക്കുമതി ചെയ്തു.
ജര്‍മനി, ബ്രസീല്‍, ഇറ്റലി, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യയില്‍ പ്രധാനമായും റബര്‍ ഇറക്കുമതി ചെയ്യുന്നത്.
ഉല്പാദനം കുറഞ്ഞത് മൂന്നു ലക്ഷം മെട്രിക് ടണ്‍
അതേസമയം 2012-, 2013 വര്‍ഷങ്ങളില്‍ ഒന്‍പതു ലക്ഷം മെട്രിക് ടണ്‍ വീതം ഇന്ത്യ ഉല്പാദിപ്പിച്ചു.
വില കുറഞ്ഞതോടെ പിന്നീടുള്ള വര്‍ഷങ്ങളില്‍ ഉല്പാദനം കുറഞ്ഞു. 2016ല്‍ അഞ്ചര ലക്ഷം മെട്രിക് ടണ്‍ മാത്രമായി ഉല്പാദനം. കഴിഞ്ഞ വര്‍ഷം ആറര ലക്ഷം മെട്രിക് ടണ്‍. എന്തായാലും 2020ല്‍ വില മാറിയതോടെ ഉല്പാദനവും കൂടി. 2006 മുതല്‍ 2013 വരെയുള്ള ഏഴു വര്‍ഷങ്ങളില്‍ ഉല്പാദനം ശക്തമായിരുന്നു. എട്ട് ലക്ഷത്തിന് മുകളിലായിരുന്നു ഉല്പാദനം.
ഇറക്കുമതി അഞ്ചു ലക്ഷം മെട്രിക് ടണ്‍ റബര്‍
ഇന്ത്യയുടെ ശരാശരി ആവശ്യത്തിനുള്ള റബര്‍ ഇവിടെ ഉല്പാദിപ്പിക്കുന്നില്ല. 11 ലക്ഷം മെട്രിക് ടണ്‍ പ്രകൃതിദത്ത റബറാണ് ഇന്ത്യയില്‍ 2019ല്‍ ആവശ്യമുണ്ടായിരുന്നത്. അതായത് നാലു ലക്ഷം ടണ്‍ റബര്‍ പുറത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ടിവന്നു. പ്രകൃതിദത്ത റബര്‍ ഉല്പാദനത്തില് ലോകത്തില്‍ നാലാംസ്ഥാനത്താണ് ഇന്ത്യ. ചെരുപ്പ്, ടയര്‍, വാഹന മേഖലയിലാണ് ഇന്ത്യയില്‍ റബര്‍ കൂടുതല്‍ ആവശ്യം വരുന്നത്. ഇതില്‍ മനോരമയുടെ ഉടമസ്ഥയിലുള്ള എം.ആര്.എഫ് ടയര്‍ കമ്പനിക്ക് മാത്രം പ്രതിവര്‍ഷം 25000 ടണ്‍ റബര്‍ ആവശ്യമുണ്ട്. ഒന്‍പതു ശതമാനം കുറവാണ് റബര്‍ ഉല്പാദനത്തില് ഈവര്‍ഷമുണ്ടായത്. എന്തായാലും വില സ്ഥിരമായി നില്ക്കുകയാണെങ്കില് കേരളത്തില്‍ കാര്‍ഷിക മേഖല വീണ്ടും ഉണരും.
വില സ്ഥിരത
മാസങ്ങള്‍ക്ക് ശേഷം റബ്ബര്‍ വില തരക്കേടില്ലാത്ത നിരക്കില്‍ തുടരുന്നതോടെ ആശ്വാസത്തിലാണ് കേരളത്തിലെ കാര്‍ഷിക മേഖല. വലിയ ഇടിവിന് ശേഷം കിലോയ്ക്ക് 157 ലേക്ക് ഉയര്‍ന്ന റബ്ബര്‍ വില ദിവസങ്ങള്‍ക്ക് ശേഷവും അതേ നിരക്കില്‍ തുടരുന്നത് വിപണിയിലും ആത്മവിശ്വാസത്തിനിടയാക്കി. കഴിഞ്ഞ ദിവസം ലാറ്റക്സിന് വില കിലോയ്ക്ക് 100 രൂപയ്ക്ക് മുകളിലെത്തി. കോട്ടയം റബര്‍ ബോര്‍ഡ് നിരക്ക് അനുസരിച്ച് ആര്‍എസ്എസ് നാല് ഗ്രേഡ് റബറിന് കിലോയ്ക്ക് 157.50 രൂപയാണ് നിരക്ക്.
ആര്‍എസ്എസ് അഞ്ച് ഗ്രേഡിന് 153 രൂപയാണ് വില. ലാറ്റക്സിന് കിലോയ്ക്ക് 117.80 രൂപയാണ് വിലയായി ലഭിക്കുക. കൊച്ചിയിലെ വിപണിയിലും സമാനമായ നിരക്കാണ്. കൊറോണവൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പിന്നോട്ട് പോയ വിദേശ വിപണിയും ആഭ്യന്തര വിപണി അനുകൂലമായ സാഹചര്യത്തിലേക്ക് വന്നതോടെയാണ് കേരളത്തിലും റബ്ബര്‍ വിലയില്‍ നിരക്ക് ഉയരാന്‍ തുടങ്ങിയത്.
ഗുണനിലവാരം മെച്ചപ്പെട്ടു
അന്താരാഷ്ട്ര വിപണിയിലെ പ്രതിസന്ധിയെ നീങ്ങി തുടങ്ങിയ പശ്ചാത്തലത്തില്‍ കമ്പനികള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും റബ്ബര്‍ വാങ്ങാന്‍ തുടങ്ങിയതാണ് ഉണര്‍വ്വിനുള്ള പ്രധാന കാരണം. അടുത്തകാലത്തായി ആഭ്യന്തര റബറിന്റെ ഗുണനിലവാരം മെച്ചപ്പെടുകയും ഉല്‍പ്പാദനം വര്‍ധിക്കുകയും ചെയ്തു. ലോക്ക്ഡൗണിന് പിന്നാലെ വാഹന വിപണി മുന്നേറ്റം പ്രകടിപ്പിച്ചതും റബറിന്റെ ആവശ്യകത വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിപണിയിലേക്കുള്ള ഇറക്കുമതി കുറച്ചതും അനുകൂല സാഹചര്യമൊരുക്കി.
200 രൂപയിലെത്തണം
കേരളത്തില്‍ ഉല്പാദന ചെലവ് കൂടുതലായതാണ് റബര്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയതിന്റെ പ്രധാന കാരണം. 200 രൂപയെങ്കിലും ലഭിച്ചാലെ കര്‍ഷകര്‍ക്ക് ഗുണമുണ്ടാകൂ എന്നാണ് മേഖലയിലുള്ളവര്‍ പറയുന്നത്. അതേസമയം റബര്‍ ടാപ്പിങ് മേഖലയില്‍ തൊഴിലാളികളെ ലഭിക്കാത്തതു കാരണം പലരും കൃഷി ഉപേക്ഷിച്ചു. വരുമാനം കുറഞ്ഞതും അമിതമായ മഴ കാരണം ജോലി കുറഞ്ഞതും ടാപ്പിങ്ങില്‍ നിന്നു പലരെയും പിന്തിരിപ്പിച്ചു.