കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഇസ്രായേലിലേക്ക് കൃഷി പഠിക്കാൻ പോയ കർഷകർ അവിടത്തെ നൂതന കൃഷിരീതികൾ കേരളത്തിൽ യാഥാർത്ഥ്യമാക്കുന്നു. സന്ദർശന സംഘത്തിലുണ്ടായിരുന്ന കർഷകർ സ്വന്തം സ്ഥലത്ത് ഇസ്രായേൽ കൃഷി രീതികൾ ആരംഭിക്കുകയും താത്പര്യമുള്ള കർഷകർക്ക് പരിശീലനം നൽകുകയും ചെയ്യും. കേരളത്തിലെവിടേയും ഇസ്രായേൽ മാതൃകകൾ പരിശീലിപ്പിക്കുന്ന മാസ്റ്റർ ട്രെയിനേഴ്സായി ഇസ്രായേൽ സന്ദർശിച്ച കർഷകർ പ്രവർത്തിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു.
ഇസ്രായേൽ കൃഷിരീതികൾ കേരളത്തിൽ ആരംഭിക്കുന്നതിന് ഇന്ന് (10/04/2023) തുടക്കമാകും. വൈകിട്ട് 4 മണിക്ക് ചേർത്തല കഞ്ഞിക്കുഴിയിൽ ഇസ്രായേൽ സന്ദർശിച്ച കർഷകൻ സുജിത്തിന്റെ കൃഷിയിടത്തിൽ 1000 ടിഷ്യൂ കൾച്ചർ വാഴകൾ നട്ടുകൊണ്ട് മന്ത്രി പി പ്രസാദ് പദ്ധതി ഉദ്ഘാടനം ചെയ്യും. താത്പര്യമുള്ള കർഷകർക്ക് ഈ കൃഷിയിടത്തിലെത്തി പരിശീലനം നേടാവുന്നതാണ്. കർഷകരുടെ കൃഷിയിടത്തിലെത്തി പരിശീലനം നൽകുന്നതാണ്. കൃത്യതാ കൃഷി രീതികൾ അവലംബിച്ച് മൂല്യ വർദ്ധിത കൃഷി സാധ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമാക്കുന്നത്. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച കൃഷിക്കൂട്ടങ്ങൾക്കും മൂല്യ വർദ്ധിത കൃഷി പരീക്ഷിക്കാവുന്നതാണ്