തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള
യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. മേയ് മാസത്തില്‍ 3.68 ലക്ഷം പേര് യാത്ര ചെയ്തു. കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 2022 മേയ് മാസത്തെ അപേക്ഷിച്ച് 26 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
പ്രതിദിന യാത്രക്കാരുടെ എണ്ണം ശരാശരി 11879 ആയി. മേയ് 25ന് 12939 പേരാണ് യാത്ര ചെയ്തത്. ഇതും സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. പ്രതിദിന സര്‍വീസുകളുടെ എണ്ണം ശരാശരി 80ന് അടുത്തെത്തി.
മേയില്‍ 2337 എയര്‍ ട്രാഫിക് മൂവ്മെന്റുകളാണ് നടന്നത്. 1.93 ലക്ഷം ആഭ്യന്തര സഞ്ചാരികളും 1.75 ലക്ഷം വിദേശ സഞ്ചാരികളും തിരുവനന്തപുരം വഴി യാത്ര ചെയ്തു.
വിദേശ രാജ്യങ്ങളിലേക്കുള്ള പ്രതിവാര സര്‍വീസുകളുടെ എണ്ണം 117 ആയും ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം 151 ആയും വര്‍ധിച്ചിട്ടുണ്ട്. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിച്ചത്തോടെ നിരക്ക് കുറയുകയും വിദേശരാജ്യങ്ങളിലേക്കുള്ള കണക്ടിവിറ്റി എളുപ്പമാകുകയും ചെയ്തു.
യാത്രക്കാരുടെ തിരക്ക് കൂടുന്നതിനനുസരിച്ചു അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും മെച്ചപ്പെടുത്താനുള്ള വിവിധ പദ്ധതികളും പുരോഗമിക്കുകയാണ്. യാത്രക്കാര്‍ക്ക് സുരക്ഷാ നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാകാനുള്ള ബി ആര് കോഡ് സ്കാനറുകള്‍ ടെര്‍മിനലുകളുടെ പ്രവേശനം കവാടത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ ആദ്യമായി ഇഗേറ്റ് സംവിധാനവും തിരുവനന്തപുരത്ത് പ്രവര്‍ത്തന സജ്ജമായി.