ഇന്ത്യയിലെ വ്യവസായിയും സമ്പന്നരില്‍ ആദ്യപത്തില്‍ സ്ഥാനക്കാരനുമായ അസിംപ്രേജി കോവിഡ് സഹായത്തില്‍ ഏറ്റവും മുന്നില്‍. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിനായി സംഭാവനകള്‍ നല്കിയ വ്യക്തികളുടെ ഫോബ്സ് പട്ടിക പ്രകാരം വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി മൂന്നാമതാണ്. ആദ്യ പത്തിലുള്ള ഏക ഇന്ത്യക്കാരനും അസിം പ്രേംജി തന്നെ.
ഏപ്രില്‍ തുടക്കത്തില്‍ ആകുമ്പോഴേക്കും അസിംപ്രേംജി 1,125 കോടി രൂപയാണ് കോവിഡ് പ്രതിരോധത്തിനായി സംഭാവന നല്‍കിയത്. കോവിഡ് ചികിത്സക്കും മറ്റു ആരോഗ്യ സേവനങ്ങള്‍ക്കുമാണ് പ്രധാനമായും അസിം പ്രേംജിയുടെ സംഭാവന ലഭിച്ചത്. കൂട്ടത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും അദ്ദേഹം സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്.
ആകെ നല്കിയ 1125 കോടിയില്‍ 1000 കോടി രൂപ അസിം പ്രേംജി ഫൗണ്ടേഷനാണ് സംഭാവന നല്‍കിയത്. വിപ്രോ 100 കോടിരൂപയും വിപ്രോ എന്റര്‍പ്രൈസസ് 25 കോടിരൂപയും കോവിഡിനെതിരായ പോരാട്ടത്തിലേക്ക് സംഭാവന നല്കി. ഫോബ്സ് പട്ടിക പ്രകാരം ലോകമെങ്ങുമുള്ള 77 ശതകോടീശ്വരന്മാരാണ് കോവിഡിനെതിരായ പോരാട്ടത്തിലേക്ക് ഏപ്രില്‍ അവസാനം വരെ സാമ്പത്തിക സഹായം നല്‍കിയിരിക്കുന്നത്.
ട്വിറ്റര്‍ സി.ഇ.ഒ ജാക് ഡോര്‍സിയാണ് ഫോബ്സ് പട്ടികയില്‍ ഒന്നാമതുള്ളത് ഒരു ബില്യണ്‍ ഡോളറാണ്(ഏകദേശം 7549 കോടിരൂപ) ജാക് ഫോര്‍സി കോവിഡിനെ നേരിടാന്‍ സംഭാവനയായി നല്‍കിയത്. രണ്ടാം സ്ഥാനത്തുള്ളവരേക്കാള്‍ ഏതാണ്ട് നാലിരട്ടിയോളം അധികം തുക ജാക്ക് ഫോര്‍സി നല്കിയിട്ടുണ്ടെന്നതും ശ്രദ്ധേയം. രണ്ടാം സ്ഥാനത്തുള്ളത് ബില്‍ഗേറ്റ്സും ഭാര്യ മെലിന്‍ഡ ഗേറ്റ്സുമാണ്. ഗേറ്റ്സ് ദമ്പതികള്‍ 255 മില്യണ്‍ ഡോളറാണ്(1925 കോടിരൂപ) ഇവരുടെ സംഭാവന.