കോവിഡ് സൃഷ്ടിച്ച സാമൂഹ്യഅകലം; ചെറുകാറുകള്‍ക്ക് പ്രിയമേറുമെന്ന് കാര്‍ നിര്‍മാതാക്കള്‍

കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് പൊതുഗതാഗതമേഖല സൃഷ്ടിച്ച അരക്ഷിതാവസ്ഥ വാഹനവിപണിയെ സ്വാധീനിക്കുമെന്നു വിലയിരുത്തല്‍. ഇതു മുന്നില്‍ കണ്ട് കാര്‍ വിപണി മടക്കിക്കൊണ്ടുവരാനാണ് കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെയും ഹോണ്ട കാഴ്‌സിന്റെയും ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെയും ടാറ്റ മോട്ടോഴ്‌സിന്റെയുമൊക്കെ ശ്രമം.
വ്യക്തിഗത സുരക്ഷയെക്കുറിച്ചുള്ള ഈ ആശങ്ക വില കുറഞ്ഞ കാറുകളുടെ വില്‍പനയെ ഗണ്യമായി സഹായിക്കുമെന്നാണ് മാരുതി സുസുക്കി ഇന്ത്യയുടെ പ്രതീക്ഷ. പൊതുഗതാഗത സംവിധാനത്തിനു പകരം സ്വന്തം വാഹനങ്ങളില്‍ യാത്ര ചെയ്യാനാവും ഇനി മിക്കവരും താല്‍പര്യപ്പെടുകയെന്ന് മാരുതി സുസുക്കി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍(മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്) ശശാങ്ക് ശ്രീവാസ്തവ അഭിപ്രായപ്പെടുന്നു. കമ്പനി കണ്ടെത്തിയ വിവിധ ഉപഭോക്തൃ സര്‍വേകളില്‍ വ്യക്തമായതും ഇതേ കാര്യമാണ്. അതേസമയം സാമ്പത്തിക മേഖലയിലെ തിരിച്ചടി വാഹന വിപണിയിലും ചലനം സൃഷ്ടിക്കും. വ്യക്തിഗത ഉപയോഗത്തിനായി ചെറിയ വാഹനങ്ങളാവും മിക്കവരും തിരഞ്ഞെടുക്കുകയെന്നു ശ്രീവാസ്തവ വ്യക്തമാക്കുന്നു. ആദ്യമായി കാര്‍ വാങ്ങുന്നവരും ചെറിയ കാറുകള്‍ തേടിയെത്തുന്നവരുമാവും ഇനി കാര്‍ വിപണിക്ക് ഉണര്‍വു പകരുക. ലോക്ക്ഡൗണിനെ തുടര്‍ന്നു പ്രവര്‍ത്തനം പുനഃരാരംഭിച്ച ഡീലര്‍ഷിപ്പുകളില്‍ ഈ പ്രവണത പ്രകടമാണെന്നും ശ്രീവാസ്തവ അവകാശപ്പെട്ടു.
കൊറോണ വൈറസ് വ്യാപനത്തിനു ശേഷമുള്ള കാലത്ത് ജനങ്ങള്‍ അതീവ ശ്രദ്ധാലുക്കളാവുമെന്ന് ഹോണ്ട കാഴ്‌സ് ഇന്ത്യ ലിമിറ്റഡ് സീനിയര്‍ വൈസ്പ്രസിഡന്റും വിപണന, വില്‍പ്പന വിഭാഗം ഡയറക്ടറുമായ രാജേഷ് ഗോയലും കരുതുന്നു. വാഹനം പങ്കിടാനും പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കാനുമൊക്ക ആളുകള്‍ പൊതുവേ വിമുഖത കാട്ടുമെന്നും അദ്ദേഹം വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ പുതിയ കാറുകള്‍ക്കൊപ്പം സര്‍ട്ടിഫൈഡ് യൂസ്ഡ് കാറുകളുടെ വിപണിയിലും ഉണര്‍വ് പ്രതീക്ഷിക്കാമെന്നാണു ഗോയലിന്റെ പക്ഷം.
രോഗ ബാധയെക്കുറിച്ചുള്ള ആശങ്കയും സാമൂഹിക അകലം പാലിക്കാനുള്ള ആഗ്രഹവുമൊക്കെയാവും വരുംനാളുകളില്‍ കാര്‍ വാങ്ങാനെത്തുന്നവരുടെ തീരുമാനങ്ങളെ സ്വാധീനിക്കുകയെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍(ടി കെ എം) വക്താവും വിലയിരുത്തുന്നു. നിലവില്‍ പൊതുഗതാഗതത്തെ ആശ്രയിക്കുന്ന പലരും സ്വന്തം വാഹനങ്ങളിലേക്കു ചേക്കേറുമെന്നും കമ്പനി കണക്കുകൂട്ടുന്നു. ദൈനംദിന യാത്രകളിലെന്ന പോലെ നഗരത്തിനുള്ളിലെയും നഗരങ്ങള്‍ക്കിടയിലെയും യാത്രകളിലും ഈ മാറ്റം പ്രകടമാവും. എങ്കിലും നിലവില്‍ ഉപയോക്താക്കള്‍ വിപണിയില്‍ നിന്നു വിട്ടു നില്‍ക്കുന്ന സാഹചര്യം മാറി സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്താന്‍ കുറച്ചു കൂടി സമയമെടുക്കുമെന്നും ടി കെ എം കരുതുന്നു.
യാത്രാമാര്‍ഗങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ കാര്യമായ പൊളിച്ചെഴുത്തിനു കൊറോണ വൈറസും കോവിഡ് ബാധയും ഇടയാക്കിയിട്ടുണ്ടെന്നാണു ടാറ്റ മോട്ടോഴ്‌സിന്റെ നിഗമനം. സാമൂഹിക അകലം പാലിക്കുന്നതു പോലുള്ള വ്യവസ്ഥകളുടെ ഫലമായി പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ ഇടിവിനു സാധ്യതയുണ്ടെന്നു കമ്പനി കരുതുന്നു. ഒപ്പം വാഹനങ്ങള്‍ പങ്കുവയ്ക്കാനുള്ള വിമുഖതയുമേറാനാണു സാധ്യത.