ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കുടുംബമായി അംബാനി കുടുംബത്തെ തിരഞ്ഞെടുത്തു. 76 ബില്യണ്‍ ഡോളറാണ് അംബാനി കുടുംബത്തിന്റെ ആകെ ആസ്തി. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം ഏഷ്യയിലെ 20 സമ്പന്ന കുടുംബങ്ങളുടെ പട്ടികയിലാണ് അംബാനി കുടുംബം മുന്‍നിരയിലെത്തിയത്. ഏഷ്യയിലെ മികച്ച 20 സമ്പന്ന കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള മൊത്തം ആസ്തിയായ 463 ബില്യണ്‍ ഡോളറില്‍ 17% അംബാനി കുടുംബമാണ് സ്വന്തമാക്കിയിരിക്കുന്നത്. കുടുംബത്തിലെ സമ്പത്തിലുള്ള വര്‍ദ്ധനവിന് പ്രധാന കാരണം റിലയന്‍സിന്റെ ധനസമാഹരണമാണ്.
രണ്ടാമത്തെ സമ്പന്ന കുടുംബമായ ഹോങ്കോങ്ങിലെ ക്വോക്ക് കുടുംബത്തേക്കാള്‍ ഇരട്ടിയിലധികം സമ്പന്നരാണ് അംബാനി കുടുംബം. ദക്ഷിണ കൊറിയയിലെ ലീ കുടുംബമാണ് (സാംസങ്ങിന്റെ ഉടമ) ഏഷ്യയിലെ മൂന്നാമത്തെ സമ്പന്ന കുടുംബം. ബ്ലൂംബെര്‍ഗ് സൂചിക പ്രകാരം ലീ കുടുംബത്തിന്റെ മൊത്തം സമ്പത്ത് 26.6 ബില്യണ്‍ ഡോളറാണ്.
കൊവിഡ് മഹാമാരി സമയത്ത് അംബാനി കുടംബത്തിന്റെ സമ്പത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ലോകം മുഴുവന്‍ പകര്‍ച്ചവ്യാധിയോട് പോരാടുന്നതിനിടയിലും ഇന്ത്യയിലെ ഏറ്റവും ധനികനും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനുമായ മുകേഷ് അംബാനി ധനസമാഹരണത്തിലായിരുന്നു.
ഡിജിറ്റല്‍ വിഭാഗത്തില്‍ 20 ബില്യണ്‍ ഡോളര്‍ സമാഹരിച്ചു. റിലയന്‍സ് റീട്ടെയിലിലെ 10.09 ശതമാനം ഓഹരികള്‍ വിറ്റ് കമ്പനി 47,000 കോടി രൂപ സമാഹരിച്ചു.
കഴിഞ്ഞ മാസത്തെ ഇടിവിന് സാക്ഷ്യം വഹിക്കുന്നതിനുമുമ്പ് ആര്‍ഐഎല്‍ ഓഹരികള്‍ ഈ വര്‍ഷം 50 ശതമാനത്തിലധികം ഉയര്‍ന്നിരുന്നു. മുകേഷ് അംബാനിയുടെ സഹോദരനായ അനില്‍ അംബാനിയുടെ (എ.ഡി.എ.ജി ചെയര്മാന്) സമ്പത്തില്‍ ഇടിവുണ്ടായിട്ടും അംബാനി ഒന്നാം സ്ഥാനം നിലനിര്‍ത്തി.