ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ റിലയന്‍സ്

മുംബൈ: സംപ്രേഷണാവകാശത്തിന് വേണ്ടിയുള്ള ലേലം വിളിയില്‍ റെക്കോര്‍ഡിട്ട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ പ്രക്ഷേപകര്‍ ചിലവിടുന്ന തുകയേക്കാള്‍ ഉയര്‍ന്ന തുകയ്‌ക്കാണ് ഐപിഎല്‍ സംപ്രേഷണാവകാശം വിറ്റു പോയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഐപിഎല്ലിന്റെ ടെലിവിഷന്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത് വാള്‍ട്ട് ഡിസ്നി കമ്ബനിയാണ്. മത്സരങ്ങളുടെ ഡിജിറ്റല്‍ സംപ്രേഷണാവകാശം മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18 ആണ് സ്വന്തമാക്കിയത്.

483.9 ബില്ല്യണ്‍ രൂപയ്‌ക്കാണ് ടൂര്‍ണമെന്റിന്റെ സംപ്രേഷണാവകാശം വിറ്റു പോയത്. ഒരു മത്സരത്തിന് 15.1 മില്ല്യണ്‍ ഡോളര്‍ എന്ന നിരക്കിലാണ് സംപ്രേഷണാവകാശം ഉറപ്പിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് ഇത് മത്സരത്തിന് 11 മില്ല്യണ്‍ ഡോളര്‍ എന്ന നിരക്കിലാണ്.

അമേരിക്കയിലെ ബേസ്ബോള്‍, ബാസ്കറ്റ്ബോള്‍ ലീഗുകളെയും സംപ്രേഷണ നിരക്കിന്റെ അടിസ്ഥാനത്തില്‍ ഐപിഎല്‍ മറികടന്നു.മത്സരത്തിന് 17 മില്ല്യണ്‍ എന്ന നിരക്കുള്ള നാഷണല്‍ ഫുട്ബോള്‍ ലീഗ് മാത്രമാണ് നിലവില്‍ ഐപിഎല്ലിന് മുന്‍പിലുള്ളത്. വര്‍ത്തമാന കാലത്തിലെ ഏറ്റവും പ്രധാനപ്പെട്ട കായിക മാമാങ്കമായി ലോകം ഐപിഎല്ലിനെ ഉറ്റുനോക്കുകയാണെന്ന് ബിസിനസ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.