വിഴിഞ്ഞം തുറമുഖത്തിനായി രാവും പകലും നിര്‍മാണ പ്രവൃത്തി, സെപ്റ്റംബറില്‍ ആദ്യ കപ്പലെത്തും

അന്‍ഷാദ് കൂട്ടുകുന്നം
തിരുവനന്തപുരം. വിഴിഞ്ഞം തുറമുഖത്തിനായി രാവും പകലും തകൃതിയായി നിര്‍മാണ പ്രവൃത്തി. മഴക്കാലമാകുന്നതോടെ തുറമുഖ നിര്‍മാണ പ്രവൃത്തിക്കു തടസ്സമുണ്ടാകുമെന്നതിനാല്‍ പ്രവൃത്തികള്‍ നേരത്തെ തീര്‍ക്കാനാണു രാപകിലില്ലാതെ ജോലി നടക്കുന്നത്. പാറ ഉല്പന്നങ്ങളും മറ്റു നിര്‍മാണ സാമഗ്രികള്‍ക്കുണ്ടായിരുന്ന ദൗര്‍ലഭ്യം പരിഹരിച്ചു. പാറയും മെറ്റലും തമിഴ്‌നാട്ടില്‍ നിന്നും ഒപ്പം തന്നെ തിരുവനന്തപുരം ജില്ലയിലെ ചില ക്വാറികളില്‍ നിന്നും എത്തിക്കുന്നുണ്ട്.
മറ്റ് തടസ്സങ്ങളില്ലാതിരുന്നാല്‍ സെപ്റ്റംബറോടെ വിഴിഞ്ഞത്ത് മേജര്‍ കപ്പല്‍ എത്തിക്കാമെന്ന പ്രതീക്ഷയിലാണ് തുറമുഖ വകുപ്പ് തുറമുഖത്തിന്റെ ഗേറ്റ് കോംപ്ലക്‌സ് രണ്ടുദിവസംമുമ്പ് തുറന്നു. ഡിജിറ്റല്‍ സ്‌കാനറുകള്‍, അത്യാധുനിക കാമറകള്‍, സൈന്‍ ബ്രിഡ്ജ് കണ്‍ട്രോള്‍ തുടങ്ങിയ നൂതന സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഗേറ്റ് കോംപ്ലക്‌സ്. ചരക്കുനീക്കത്തിന്റെ നിയമപരമായ സ്‌കാനിങ്ങും ഗേറ്റ് കോംപ്ലക്‌സ് വഴിയാണ് നടക്കുക. കോംപ്ലക്‌സിനൊപ്പം നിര്‍മാണം പൂര്‍ത്തീകരിച്ച സെക്യൂരിറ്റി ബില്‍ഡിങ്ങും മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.
വലിയ ചരക്ക് കപ്പലുകള്‍ വരുന്ന തലത്തിലേക്ക് തുറമുഖം മാറണമെങ്കില്‍ പിന്നെയും മാസങ്ങള്‍ എടുക്കും. 24,000 ടണ്ണിലധികം കണ്ടയ്‌നറുകള്‍ കയറ്റാവുന്ന തരത്തിലാണ് തുറമുഖത്തിന്റെ നിര്‍മാണം. നിലവില്‍ വിഴിഞ്ഞം തീരത്തു നിന്നു 10 നോട്ടിക്കല്‍ മൈല്‍ അകലെ മാത്രമാണ് അന്താരാഷ്ട്ര കപ്പല്‍ പാത. തീരത്തു 24മീറ്റര്‍ പ്രകൃതിദത്ത ആഴമുള്ളതിനാല്‍ തുറമുഖം യാഥാര്‍ഥ്യമാക്കാന്‍ എളുപ്പമാണ്.
അതേസമയം കഴിഞ്ഞ ഓഗസ്റ്റ് 16ന് പ്രദേശ വാസികള്‍ ആരംഭിച്ച സമരം നടന്നില്ലായിരുന്നെങ്കില്‍ തുറമുഖം ഇപ്പോള്‍ പൂര്‍ത്തിയായേനെ. സമരം ഡിസംബര്‍ ആറിനാണ് അവസാനിച്ചത്. സമരത്തിലെ ഒത്തുതീര്‍പ്പു വ്യവസ്ഥ പ്രകാരം വീട് നഷ്ടപ്പെടുന്നവര്‍ക്ക് ഒന്നര കൊല്ലത്തിനകം ഫഌറ്റ് നല്‍കാമെന്നാണ് വാഗ്ദാനം. വീട് നഷ്ടപ്പെട്ടവര്‍ക്കെല്ലാം 5500 രൂപ വെച്ച് വാടകയായി ഇപ്പോള്‍ നല്‍കുന്നുണ്ട്.