2027ൽ ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നാല് ചക്ര വാഹനങ്ങൾ നിരോധിക്കാൻ ശിപാർശ

രാജ്യത്തെ വൻനഗരങ്ങളിൽ 2027 ഓടെ ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നാല് ചക്ര വാഹനങ്ങൾ നിരോധിക്കാൻ കേന്ദ്ര സർക്കാരിന് ശുപാർശ. ഡീസലിന് പകരം നഗരങ്ങളിൽ വൈദ്യുത,​ പ്രകൃതി വാതക ഇന്ധന വാഹനങ്ങളിലേക്ക് മാറാനും പെട്രോളിയം മന്ത്രാലയം രൂപീകരിച്ച വിദഗ്ദ്ധ സമിതി നിർദേശിച്ചിട്ടുണ്ട്. ഒരു ദശലക്ഷത്തിലധികം ആളുകളുള്ള നഗരങ്ങളിലും പൊല്യൂഷൻ കൂടുതലുള്ള പട്ടണങ്ങളിലും വായു മലിനീകരണം കുറയ്ക്കുകയാണ് എനർജി ട്രാൻസ്‍മിഷൻ പാനലിന്റെ ലക്ഷ്യം.

2030 ഓടെ ഇലക്ട്രിക് അല്ലാത്ത സിറ്റി ബസുകൾക്ക് അനുമതി നൽകരുതെന്നും നഗര ഗതാഗതത്തിനുള്ള ഡീസൽ ബസുകൾ 2024 മുതൽ ഒഴിവാക്കണമെന്നും പാനൽ ശുപാർശ ചെയ്തിട്ടുണ്ട്. പെട്രോളിയം മന്ത്രാലയ മുൻ സെക്രട്ടറി തരുൺ കപൂർ അധ്യക്ഷനായ ഊർജ പരിവർത്തന ഉപദേശക സമിതിയാണ് ശുപാർശകൾ നൽകിയിരിക്കുന്നത്. ഇവ നടപ്പാക്കാൻ പെട്രോളിയം മന്ത്രാലയം കാബിനറ്റ് അനുമതി തേടുമോയെന്നകാര്യം വ്യക്തമാക്കിയിട്ടില്ല. രാജ്യത്ത് ഇലക്ട്രിക് വാഹന ഉപയോഗം വർധിപ്പിക്കുന്നതിന്, ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഇലക്‌ട്രിക്, ഹൈബ്രിഡ് വെഹിക്കിൾസ് സ്‍കീമിന് (ഫെയിം) കീഴിൽ നൽകുന്ന ആനുകൂല്യങ്ങൾ നീട്ടുന്നത് സർക്കാർ പരിഗണിക്കണമെന്നും റിപ്പോർട്ടിലുണ്ട്.

ചരക്ക് നീക്കത്തിന് പുതിയ നിർദേശം

ചരക്ക് നീക്കത്തിന് റെയിൽവേയും ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രക്കുകളും കൂടൂതലായി ഉപയോഗിക്കണമെന്ന് സമിതി നിർദ്ദേശിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ റെയിൽവേ ശൃംഖല പൂർണമായും വൈദ്യുതീകരിക്കും എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നിലവിൽ ഇന്ത്യയിലെ ശുദ്ധീകരിച്ച ഇന്ധന ഉപയോഗത്തിന്റെ അഞ്ചിൽ രണ്ട് ഭാഗവും ഡീസൽ ആണ്. അതിന്റെ 80 ശതമാനവും ഗതാഗത മേഖലയിലുമാണ്. രാജ്യത്തെ വാണിജ്യ വാഹന ശേഖരം പ്രധാനമായും ഡീസൽ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. യാത്രാ വാഹനങ്ങളുടെ വലിയൊരു ഭാഗവും ഡീസലിലാണ് പ്രവർത്തിക്കുന്നത്.

എയർ പൊല്യൂഷനിൽ മുന്നിൽ

നഗരങ്ങളിലെ എയർ പൊല്യൂഷനിൽ ഇന്ത്യ മുൻപന്തിയിലാണ് നിൽക്കുന്നത്. വാഹനങ്ങളിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ ആണിതിന് പ്രധാന കാരണം. ഇത് കുറയ്ക്കുന്നതിനായി സർക്കാർ നിരവധി നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് ഏറ്റവും പുതിയ നിർദ്ദേശം. ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ പല ഇന്ത്യൻ നഗരങ്ങളും ഉൾപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും മലിനമായ 50 നഗരങ്ങളുടെ ഐക്യൂ എയറിന്റെ വാർഷിക പട്ടികയിൽ 39 ഇന്ത്യൻ നഗരങ്ങൾ ഇടം പിടിച്ചിരുന്നു.