സപ്ലൈകോ ഓണം ഫെയര്‍ ആരംഭിച്ചു

തിരുവനന്തപുരം. ഉത്സവ സീസണുകളില്‍ പൊതുവിപണി വില നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ഫെയറുകള്‍ ആരംഭിച്ചു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ വൈകുന്നേരം 3.30 ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനിലിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വര്‍ഷത്തെ ഓണം ഫെയറുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. മന്ത്രിമാരായ ആന്റണി രാജു ആദ്യവില്‍പ്പനയും വി.ശിവന്‍കുട്ടി ശബരി ഉത്പന്നങ്ങളുടെ റിബ്രാന്‍ഡിങ്ങും നടത്തും. ജില്ലാ ഫെയറുകള്‍ 19-ാം തീയതി മുതല്‍ ആരംഭിക്കും. ഇതിനോടൊപ്പം താലൂക്ക്/നിയോജകമണ്ഡലംതല ഫെയറുകളും ആഗസ്റ്റ് 23 മുതല്‍ 28 വരെ സംഘടിപ്പിച്ചിട്ടുണ്ട്.
സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ വിപുലമായ രീതിയിലാണ് ഈ വര്‍ഷം ഓണം ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. പൊതുവിപണിയില്‍ സജീവമായി ഇടപെടുക എന്ന ലക്ഷ്യത്തോടെ, സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ, വിവിധ നിത്യോപയോഗ സാധനങ്ങള്‍ക്കും വന്‍ ഓഫറുകള്‍ ആണ് ഓണം ഫെയറുകളിലൂടെ നല്‍കുക. ഹിന്ദുസ്ഥാന്‍ ലിവര്‍, ഐ.റ്റി.സി., പി&ജി, ഡാബര്‍, നെസ്റ്റ് ലെ, വിപ്രോ തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഉല്പന്നങ്ങള്‍ ഓണം ഫെയറുകളിലൂടെ പ്രത്യേക ഓഫറുകളോടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. നിലവില്‍ സപ്ലൈകോ നല്‍കുന്ന വിലക്കുറവിനെക്കാള്‍, വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 5 മുതല്‍ 50 ശതമാനം വരെ വിലക്കുറവും, വിവിധ ഉല്‍പ്പന്നങ്ങളുടെ കോംബോ ഓഫറും ഉണ്ടായിരിക്കും.
13 ഇനം സബ്‌സിഡി സാധനങ്ങള്‍ ഉള്‍പ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങളും ഫെയറുകളില്‍ ലഭ്യമാകും. ഇത്തവണ ഓണത്തോടനുബന്ധിച്ച് 5 ഇനം ശബരി ഉല്പന്നങ്ങള്‍ സപ്ലൈകോ പുതുതായി വിപണിയിലിറക്കും. ശബരി മട്ട അരി, ആന്ധ്ര ജയ അരി, ശബരി ആട്ട, പുട്ടുപൊടി, അപ്പപ്പൊടി എന്നിവയാണ് പുതിയ ഉല്പന്നങ്ങള്‍. ഇവയ്ക്ക് പൊതുവിപണിയിലെ വിലയില്‍ നിന്നും 4-5 രൂപ വരെ വിലക്കുറവുണ്ടാകും. കൂടാതെ നിലവില്‍ വില്പന നടത്തിവരുന്ന ശബരി ഉല്പന്നങ്ങള്‍ ആകര്‍ഷകമായ പായ്ക്കുകളില്‍ ലഭ്യമാക്കും. 250 കോടി രൂപ വിലമതിക്കുന്ന അവശ്യസാധനങ്ങളാണ് ഓണക്കാല വിപണിയിടപെടലിനായി സപ്ലൈകോ സംഭരിച്ചിരിക്കുന്നത്. ഓരോ മാസവും സംഭരിക്കുന്ന അവശ്യസാധനങ്ങളുടെ ഇരട്ടിയിലധികമാണ് ഓണക്കാലത്ത് സപ്ലൈകോ സംഭരിക്കുന്നത്. മില്‍മ, ഹോര്‍ട്ടികോര്‍പ്പ് കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ എന്നിവയും ഫെയറുകളില്‍ വിലക്കുറവില്‍ ലഭ്യമാക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.