ഫുഡ് കിയോസ്കിന്‍റെ വിജയത്തിനു ശേഷം ഡിജിറ്റല്‍ഹെല്‍ത്ത് കിയോസ്കുമായി വെര്‍സിക്കിള്‍ ടെക്നോളജീസ്

തിരുവനന്തപുരം: കുറഞ്ഞ ചെലവില്‍ ഒരു മിനിറ്റിനുള്ളില്‍ രോഗനിര്‍ണയം നടത്തുന്ന ഡിജിറ്റല്‍ ഹെല്‍ത്ത് കിയോസ്കുമായി വെര്‍സിക്കിള്‍ ടെക്നോളജീസ് രംഗത്തെത്തി. വന്‍ വിജയമായി മാറിയ വെന്‍ഡ് എന്‍ ഗോ എന്ന ഫുഡ് കിയോസ്കിന് പിന്നാലെയാണ് വിപ്ലവകരമായ പുതിയ ഉത്പന്നവുമായി കമ്പനി എത്തിയിട്ടുള്ളത്.

പ്രോഗ്നോസിസ് എന്നു പേരിട്ടിരിക്കുന്ന ഈ ഉപകരണം വിവിധ ഭാഷകളില്‍ പ്രവര്‍ത്തിക്കും. ടച്ച് സ്ക്രീനിലൂടെ ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വിവരങ്ങള്‍ നല്‍കുകയാണ് വേണ്ടത്. രക്തസമ്മര്‍ദ്ദം, ഹൃദയാരോഗ്യം(ഇസിജി റീഡര്‍), ശരീരഭാരം എന്നിവ ഇതിലൂടെ അറിയാം. നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയ ചാറ്റ് ബോട്ടിന്‍റെ നിര്‍ദ്ദേശത്തിനനുസരിച്ചാണ് രോഗി വിവരങ്ങള്‍ നല്‍കേണ്ടത്. രോഗിയ്ക്ക് ഇരിക്കാനുള്ള സംവിധാനവും ഇതില്‍ ഒരുക്കിയിരിക്കുന്നു.

രോഗനിര്‍ണയം ഒരു മിനിറ്റിനുള്ളില്‍ ലഭിക്കുമെന്നതിന് പുറമെ, പ്രാഥമിക പരിശോധനയില്‍ എന്തെങ്കിലും താളപ്പിഴകള്‍ കാണുകയാണെങ്കില്‍ ഉടന്‍ തന്നെ രോഗിയ്ക്ക് മുന്നറിയിപ്പ് നല്‍കും. ടെലിഹെല്‍ത്ത് സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ഡോക്ടറെ നേരിട്ട് കാണാതെ തന്നെ മരുന്നും വൈദ്യോപദേശവും ലഭിക്കും.

കേരളത്തിലെ ഇത്തരം ആദ്യ ഹെല്‍ത്ത് ടെക് ഉത്പന്നമായിരിക്കുമിതെന്ന് വെര്‍സിക്കിള്‍സ് സിഇഒ മനോജ് ദത്തന്‍ പറഞ്ഞു. സാധാരണ ഈ ഉപകരണങ്ങള്‍ വയ്ക്കുന്ന ആശുപത്രി പോലുള്ള സ്ഥലങ്ങള്‍ക്ക് പുറമെ ടെക്നോളജി പാര്‍ക്കുകളിലും ഓഫീസുകളിലും പ്രോഗ്നോസിസ് സ്ഥാപിക്കും.

പ്രോഗ്നോസിസ് ഹെല്‍ത്ത് കിയോസ്ക് ആശുപത്രികളില്‍ ഏറെ ഉപയോഗപ്രദമാണ്. വിവരങ്ങള്‍ നല്‍കല്‍, വിവിധ മെഡിക്കല്‍ സേവനങ്ങള്‍ എന്നിവയ്ക്ക് പുറമെ ആരോഗ്യബോധവത്കരണത്തിനും ഇതുപയോഗിക്കാമെന്ന് മനോജ് ചൂണ്ടിക്കാട്ടി.

നിത്യജീവിതത്തിലെ പല പ്രശ്നങ്ങള്‍ക്കും എങ്ങിനെ ഡിജിറ്റല്‍ പരിഹാരങ്ങള്‍ സാധ്യമാകും എന്ന ആലോചനയില്‍ നിന്നാണ് വെന്‍ഡ് എന്‍ ഗോ എന്ന ഉത്പന്നം ഉണ്ടായതെന്ന് വെര്‍സിക്കിള്‍സ് സ്ഥാപകന്‍ കിരണ്‍ കരുണാകരന്‍ പറഞ്ഞു. അതിന്‍റെ ചുവടുപിടിച്ചാണ് പ്രോഗ്നോസിന്‍റെയും പിറവി.

ആരോഗ്യപരിപാലനത്തിലും വ്യക്തികള്‍ക്കുമിടയിലുള്ള വിടവ് നികത്തുകയാണ് ലക്ഷ്യം. നേരത്തെയുള്ള രോഗനിര്‍ണയം പലപ്പോഴും മികച്ച ചികിത്സയ്ക്ക് ഏറെ നിര്‍ണായകമാണ്. ഈ ഉപകരണത്തില്‍ ലഭിക്കുന്ന ഡാറ്റ, ക്ലൗഡ് അധിഷ്ഠിതമായ നിര്‍മ്മിത ബുദ്ധി എന്‍ജിനിലേക്കാണ് പോകുന്നത്. ഒരു ഇസിജി യിലൂടെ മാത്രം ഹൃദയത്തെ സംബന്ധിക്കുന്ന ഗുരുതര പിഴവ് പോലും കണ്ടെത്താനാകും. അതു വഴി കൃത്യസമയത്ത് വേണ്ട വൈദ്യസഹായം ലഭിക്കാന്‍ സാധിക്കുന്നു. ആധുനിക രോഗനിര്‍ണയം ഒരു ചായ കുടിക്കുന്ന ലാഘവത്തോടെ ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ഈ സാങ്കേതികവിദ്യയെ വിപ്ലവകരമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും കിരണ്‍ പറഞ്ഞു.

വെര്‍സിക്കിള്‍സിന്‍റെ വെന്‍ഡ് എന്‍ ഗോ തിരുവനന്തപുരം ലുലു മാളിലും മുബൈയിലെ ആര്‍സിറ്റി മാളിലും സ്ഥാപിച്ചിട്ടുണ്ട്. ടെക്നോപാര്‍ക്കിലെ ഫേസ് ഒന്നില്‍ നവംബര്‍ 13 ന് പ്രോഗ്നോസിസ് സ്ഥാപിക്കും.

സൗകര്യമാണ് വെന്‍ഡ് എന്‍ ഗോയുടെ പ്രധാന മേന്മയെന്ന് വെര്‍സിക്കിള്‍സ് ഡയറക്ടര്‍ അനീഷ് സുഹൈല്‍ പറഞ്ഞു. ഭക്ഷണത്തിന് വേണ്ടി ഓഫീസിന് പുറത്തു പോകണ്ട സാഹചര്യം ഇനിയില്ല. ജോലിത്തിരക്കിനിടെ കുറച്ചു സമയം കൊണ്ട് സൗകര്യപ്രദമായ രീതിയില്‍ ഭക്ഷണം ആസ്വദിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.versicles.com, myprognosis.ai/kiosk എന്നീ ലിങ്കുകള്‍ സന്ദര്‍ശിക്കുക.