തിരുവനന്തപുരം. പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തിയതോടെ കഴിഞ്ഞ മാസം സര്‍ക്കാരിന് അധികവരുമാനം 80.02 കോടിരൂപ. സെസ് ഏര്‍പ്പെടുത്തിയ ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്ത് 19.73 കോടി ലിറ്റര്‍ പെട്രോളും 20.28 കോടി ലിറ്റര്‍ ഡീസലും വിറ്റു. ഓരോ ലിറ്റര്‍ വില്‍ക്കുമ്പോഴും സര്‍ക്കാര്‍ ഖജനാവിലേക്ക് രണ്ടു രൂപ ലഭിക്കും.
സംസ്ഥാനത്തെ സാമൂഹിക ക്ഷേമപദ്ധതികള്‍ക്കു പണം കണ്ടെത്താനായി കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതലാണു പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതം സാമൂഹിക സുരക്ഷാ സെസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.
ജി.എസ്.ടി ഇനത്തില്‍ സംസ്ഥാന വിഹിതം യു.പി പോലുള്ള വലിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവുള്ളതിനാലാണ് സംസ്ഥാന സര്‍ക്കാരിനു നേരിട്ടു ലഭിക്കുന്ന സെസ് ഏര്‍പ്പെടുത്തി തുടങ്ങിയതെന്നാണു സര്‍ക്കാര്‍ വാദം.
അതേസമയം സെസ് ഏര്‍പ്പെടുത്തിയതോടെ വില വര്‍ധിച്ചതിനെത്തുടര്‍ന്നു മാര്‍ച്ചിനെ അപേക്ഷിച്ച് ഏപ്രിലില്‍ സംസ്ഥാനത്ത് ഓയില്‍വില്‍പ്പനയില്‍ കുറവുണ്ടായി. മാര്‍ച്ചില്‍ 21.21 കോടി ലീറ്റര്‍ പെട്രോള്‍ വിറ്റപ്പോള്‍ ഏപ്രിലില്‍ വില്‍പന 19.73 കോടി ലീറ്ററായി താഴ്ന്നു. 1.48 കോടി ലീറ്ററിന്റെ കുറവാണുണ്ടായത്. ഡീസലാകട്ടെ മാര്‍ച്ചില്‍ 26.66 കോടി ലിറ്റര്‍ വിറ്റെങ്കില്‍ ഏപ്രിലില്‍ 20.28 കോടിയായി കുറഞ്ഞു. 6.38 കോടി ലീറ്റര്‍ കുറവ്.
2022 ഏപ്രിലില്‍ 19.98 കോടി ലീറ്റര്‍ പെട്രോളും 23.78 കോടി ലീറ്റര്‍ ഡീസലുമാണു വിറ്റത്. ഒരു ലീറ്റര്‍ പെട്രോളിന് 25 രൂപയും ഡീസലിന് 18 രൂപയുമാണ് നികുതി ഇനത്തില്‍ ഈടാക്കുന്നത്. വില്‍പന കുറഞ്ഞതു വഴി രണ്ടിലും കൂടി 150 കോടി രൂപയോളം രൂപ കഴിഞ്ഞ ഏപ്രിലില്‍ സര്‍ക്കാരിന് വരുമാന നഷ്ടവുമുണ്ടായി.
ഒരു ലിറ്റര്‍ പെട്രോളിന് വില്‍ക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ എക്‌സൈസ് ഡ്യൂട്ടി, സംസ്ഥാനസര്‍ക്കാരിന്റെ വില്പന നികുതി, സംസ്ഥാന സര്‍ക്കാരിന്റെ അധികനികുതി, സെസ് എന്നിങ്ങനെയാണ് വിലയോടൊപ്പം ഈടാക്കുന്നത്.
57.35 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് വിലയെങ്കില്‍ 19.90 രൂപ കേന്ദ്രസര്‍ക്കാരിന്റെ എക്‌സൈസ് ഡ്യൂട്ടിയും സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന നികുതി 24.93 രൂപയുമാണ്. 3.6 രൂപയിലധികം വ്യാപാരിയുടെ കമ്മിഷനാണ്. രണ്ടു രൂപ സെസും നല്‍കണം. ഇന്നലെ തിരുവനന്തപുരത്ത് 108.39 രൂപയായതിനാല്‍ ചെറിയ മാറ്റം നികുതിയിനത്തിലുണ്ടാകും.
ഇലക്ട്രിക് വാഹനങ്ങള്‍ വര്‍ധിച്ചതും മറ്റു സംസ്ഥാനങ്ങളില്‍ നിന്നു ഇന്ധനം വാങ്ങുന്നതു വര്‍ധിച്ചതുമാണ് കേരളത്തില്‍ വില്‍പ്പന കുറയാന്‍ കാരണം. സെസ് ഏര്‍പ്പെടുത്തിയതോടെ സംസ്ഥാനാന്തര ചരക്കു വാഹനങ്ങള്‍ ഇന്ധനം നിറയ്ക്കുന്നതു മറ്റു സംസ്ഥാനങ്ങളില്‍ നിന്നാക്കി. കെഎസ്ആര്‍ടിസി പോലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്. കേരളത്തെ അപേക്ഷിച്ച് മറ്റു സംസ്ഥാനങ്ങളില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവുണ്ട്.