നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ)ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം രേഖപ്പെടുത്തി. 2022-23 സാമ്പത്തിക വർഷം 267.17 കോടി രൂപയാണ് സിയാലിന്റെ അറ്റാദായം. നിക്ഷേപകർക്ക് 35 ശതമാനം റെക്കാഡ് ലാഭവിഹിതം മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തു. 25 വർഷത്തെ പ്രവർത്തന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭവും ലാഭവിഹിതവുമാണിത്. സിയാൽ ഗ്രൂപ്പ് ഒഫ് കമ്പനികളുടെ മൊത്ത വരുമാനം 1000 കോടി രൂപയാക്കി ഉയർത്താനുള്ള പദ്ധതികൾ നടപ്പാക്കാനും ബോർഡ് യോഗം തീരുമാനിച്ചു.
22,000 നിക്ഷേപകർ
സെപ്തംബർ 28ന് നടക്കുന്ന ഓഹരിയുടമകളുടെ വാർഷിക പൊതുയോഗ തീരുമാനത്തിന് വിധേയമായിട്ടായിരിക്കും നിക്ഷേപകർക്ക് 35 ശതമാനം ലാഭവിഹിതം നൽകുക. 25 രാജ്യങ്ങളിൽ നിന്നായി 22,000 നിക്ഷേപകരുണ്ട്. 2022-23ലെ വരവ് ചെലവ് കണക്കിന് ഡയറക്ടർ ബോർഡ് യോഗം അംഗീകാരം നൽകി. മന്ത്രിമാരായ പി. രാജീവ്, കെ. രാജൻ, ഡയറക്ടർമാരായ ചീഫ് സെക്രട്ടറി വി.പി. ജോയി, ഇ.കെ. ഭരത് ഭൂഷൻ, എം.എ. യൂസഫ് അലി, ഇ.എം. ബാബു, എൻ.വി. ജോർജ്, പി. മുഹമ്മദലി, മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, കമ്പനി സെക്രട്ടറി സജി.കെ. ജോർജ് എന്നിവർ പങ്കെടുത്തു.
പ്രവർത്തന മികവിൽ ലാഭത്തിലേക്ക്
കൊവിഡിനെ തുടർന്ന് 2020-21ൽ 85.10 കോടി രൂപ നഷ്ടത്തിലായ സിയാൽ, പുനക്രമീകരണ നടപടികളുടെ ഫലമായി 2021-22ൽ 22.45 കോടി രൂപ ലാഭം നേടിയിരുന്നു. കൊവിഡാനന്തര വർഷം ലാഭം നേടിയ രാജ്യത്തെ ഏക വിമാനത്താവളമായിരുന്നു സിയാൽ. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ലക്ഷ്യം കണ്ടുതുടങ്ങിയതോടെ 2021-22ൽ കമ്പനിയുടെ മൊത്തവരുമാനം 418.69 കോടി രൂപയായി. 2022-23ൽ മൊത്തവരുമാനം 770.90 കോടി രൂപയായി ഉയർന്നു. തേയ്മാനച്ചെലവ്, നികുതി, പലിശ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള കണക്കിൽ സിയാൽ നേടിയ പ്രവർത്തന ലാഭം 521.50 കോടി രൂപയാണ്. ഇവയെല്ലാം കിഴിച്ചുള്ള അറ്റാദായം 267.17 കോടി രൂപയും.
89.29 ലക്ഷം യാത്രക്കാർ
2022-23ൽ സിയാലിലെ യാത്രക്കാരുടെ എണ്ണം 89.29 ലക്ഷമാണ്. 61,232 വിമാനസർവീസുകളുമുണ്ടായി. സിയാലിന്റെ ഉപകമ്പനികളുടേയും സാമ്പത്തിക പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്.
അഞ്ച് മെഗാ പദ്ധതികൾ ഉടൻ
സെപ്തംബറിൽ അഞ്ച് മെഗാ പദ്ധതികൾക്ക് തുടക്കമിടും. ടെർമിനൽ മൂന്ന് വികസനത്തിനായുള്ള നിർമാണ പ്രവർത്തനത്തിന് കല്ലിടൽ, പുതിയ കാർഗോ ടെർമിനൽ ഉദ്ഘാടനം, ഗോൾഫ് ടൂറിസം പദ്ധതി, ടെർമിനൽ രണ്ടിൽ ട്രാൻസിറ്റ് അക്കമഡേഷൻ നിർമാണോദ്ഘാടനം, ടെർമിനൽ മൂന്നിന്റെ മുൻഭാഗത്ത് കൊമേഴ്സ്യൽ സോൺ നിർമാണോദ്ഘാടനം, എന്നിവയാണ് നിശ്ചയിച്ചിട്ടുള്ളത്. ടെർമിനൽ മൂന്നിന്റെ വികസനത്തിന് മാത്രം 500 കോടിയിലധികം രൂപ കണക്കാക്കുന്നു.