സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവർക്ക് പ്രത്യേക ചികിത്സാസഹായ പദ്ധതിയുമായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി

കോട്ടയം: കടുത്തുരുത്തി നിയമസഭ നിയോജക മണ്ഡലത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ രോഗികള്‍ക്കായി പ്രത്യേക ചികിത്സാ പദ്ധതിയുമായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി. മോൻസ് ജോസഫ് എം. എൽ. എയുമായി സഹകരിച്ച് നടത്തുന്ന ചികിത്സാ പദ്ധതിയുടെ പ്രഖ്യാപനം എം.എൽ.എ നിർവഹിച്ചു.

പദ്ധതിയുടെ ഭാഗമായി പീഡിയാട്രിക് കാര്‍ഡിയോളജി, നെഫ്രോളജി (വൃക്കരോഗ വിഭാഗം), കരള്‍ (ലിവര്‍ കെയര്‍) ഉള്‍പ്പെടെയുള്ള വിവിധ സ്പെഷ്യലൈസേഷനുകളെ ഉള്‍ക്കൊള്ളിച്ചുള്ള മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തും. ഈ ക്യാമ്പില്‍ നിന്നും അർഹരായവരെ തിരഞ്ഞെടുത്താണ് പ്രത്യേക പദ്ധതിയിലൂടെ ചികിത്സാ സഹായം നൽകുന്നതെന്ന് ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസീന്‍ പറഞ്ഞു. “ഫ്രണ്ട്‌സ് ഓഫ് ആസ്റ്റർ” പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുള്ള പ്രിവിലേജ് കാര്‍ഡിന്റെ വിതരണോദ്ഘാടനം എം. എൽ. എക്ക് നൽകിക്കൊണ്ട് അദ്ദേഹം നിർവഹിച്ചു. ചികിത്സാ പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 8111998136, 7025767676 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

അത്യാഹിതവേളകളില്‍ മനുഷ്യജീവന്‍ രക്ഷിക്കുന്നതിന് പൊതുജനങ്ങളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ട് ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന പ്രഥമജീവന്‍രക്ഷാ പരിശീലന പരിപാടിയായ ബി ഫസ്റ്റിന്റെ പരിശീലന പരിപാടിയും ഇതോടൊപ്പം സംഘടിപിച്ചിരുന്നു. ആസ്റ്റർ മെഡ്സിറ്റിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ലീഡ് കണ്‍സല്‍ട്ടന്റ് ഡോ. ജോണ്‍സണ്‍ കെ വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു പരിശീലന പരിപാടി നടത്തിയത്. കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ കൂടുതൽ സ്ഥലങ്ങളിൽ കൂടി പരിശീലന പരിപാടി സംഘടിപ്പിക്കുമെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി അധികൃതര്‍ വ്യക്തമാക്കി.

കടുത്തുരുത്തി ഗ്രാന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിൽ , കിടങ്ങൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടക്കൻ, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ജോസ് പുത്തൻകാല, കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കൽ, ഉഴവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു