കൊച്ചി: യാത്രക്കാരുടെ എണ്ണത്തില്‍ വമ്പന്‍ നേട്ടം കുറിച്ച് കൊച്ചി വിമാനത്താവളം. 2024ലും ഒരു കോടി യാത്രക്കാരെ വിമാനത്താവളത്തിലൂടെ കൈകാര്യം ചെയ്യാന്‍ സിയാലിന് സാധിച്ചു എന്നത് വലിയ നേട്ടമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. തുടര്‍ച്ചയായ രണ്ട് വര്‍ഷവും നേട്ടം കൈവരിച്ചതിന് പുറമെ സിയാലിന്റെ ചരിത്രത്തിലാദ്യമായി ഒരു മാസം 10 ലക്ഷം യാത്രക്കാരെന്ന നേട്ടവും 2024 ഡിസംബര്‍ മാസത്തില്‍ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.
ആഭ്യന്തര – അന്താരാഷ്ട്ര സര്‍വീസുകളില്‍ കൂടുതല്‍ സര്‍വീസ് തുടങ്ങാനും ഇതിലൂടെ 1.25 കോടി യാത്രക്കാരെ ഈ വര്‍ഷം വിമാനത്താവളത്തില്‍ സ്വീകരിക്കാനും സാധിക്കുമെന്നാണ് സിയാല്‍ പ്രതീക്ഷിക്കുന്നത്. ഇതിനായി പഞ്ച നക്ഷത്ര ഹോട്ടലും അത്യാധുനിക ലോഞ്ച് സൗകര്യങ്ങളുമുള്‍പ്പെടെ ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍, സുസ്ഥിര വികസനത്തിനും പ്രവര്‍ത്തന മികവിനുമുള്ള 10 മെഗാ പ്രോജക്ടുകളും 163 ഇടത്തരം സംരംഭങ്ങളും സിയാല്‍ നടപ്പിലാക്കിയിട്ടുണ്ട്. കോഴിക്കോട് അരിപ്പാറ ജലവൈദ്യുത നിലയം , കണ്ണൂരിലെ പയ്യന്നൂര്‍ സോളാര്‍ പ്ലാന്റ്, ബിസിനസ് ജെറ്റ് ടെര്‍മിനല്‍, ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍, 0484 എയ്‌റോ ലോഞ്ച്, എയര്‍പോര്‍ട്ട് എമര്‍ജന്‍സി സര്‍വീസ് പരിഷ്‌ക്കരണം എന്നിവ ഈ കാലയളവിലെ പ്രധാന നേട്ടങ്ങളാണ്.
ഐടി, സുരക്ഷാ സജ്ജീകരണങ്ങളുടെ സമഗ്രമായ നവീകരണങ്ങളും ഈ കാലയളവില്‍ നടപ്പിലാക്കി. 2024 സെപ്റ്റംബറില്‍ തുറന്ന, 0484 എയ്‌റോ ലോഞ്ച് ഗംഭീര വിജയമായി. രണ്ടാം ടെര്‍മിനലില്‍ സ്ഥിതിചെയ്യുന്ന എയ്റോ ലോഞ്ച് രണ്ടുമാസത്തിനുള്ളില്‍ 100 ശതമാനം ബുക്കിങ് എന്ന നേട്ടം കൈവരിച്ചു. യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും കുറഞ്ഞ ചെലവില്‍ വിമാനത്താവളത്തിനുള്ളില്‍ ആഡംബര ഹോട്ടല്‍ സൗകര്യമാണ് 0484 എയ്റോ ലോഞ്ച് ഒരുക്കിയിട്ടുള്ളത്.
ടെര്‍മിനലുകളില്‍ നിന്ന് 500 മീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന താജ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഹോട്ടലിലേയ്ക്ക് ലാന്‍ഡിംഗ് കഴിഞ്ഞ് 15 മിനിറ്റിനുള്ളില്‍ എത്തിച്ചേരാനാകും. താജ് ക്ലബ് ലോഞ്ച്, ഒരു വശത്ത് റണ്‍വേയും മറുവശത്ത് ഹരിതാശോഭയും കാഴ്ചയൊരുക്കുന്ന 111 മുറികള്‍, പ്രസിഡന്‍ഷ്യല്‍ സ്യൂട്ടുകള്‍, ബാങ്ക്വെറ്റ് ഹാളുകള്‍, ബോര്‍ഡ് റൂമുകള്‍, പ്രീ-ഫംഗ്ഷന്‍ ഏരിയ, സിമ്മിംഗ് പൂള്‍, വിസ്തൃതമായ ലോബി, ബാര്‍, ഫിറ്റ്നസ് സെന്റര്‍ എന്നിവ പഞ്ചനക്ഷത്ര മോടിയോടെ കൊച്ചി വിമാനത്താവള താജ് ഹോട്ടലിലുണ്ട്. താജിന്റെ പ്രശസ്തമായ വിസ്ത റസ്റ്ററന്റ് (24 മണിക്കൂര്‍), ഹൗസ് ഓഫ് മിംഗ് എന്നിവ രൂചി സമൃദ്ധി ഒരുക്കുന്നു. 4 ഏക്കറില്‍ സ്ഥിതിചെയ്യുന്ന താജ് ഹോട്ടലിന് കാര്‍ പാര്‍ക്കിങ് വിശാലമായ സ്ഥലവുമുണ്ട്.