ഒരു കിലോ ചായപ്പൊടി; വില 75000 രൂപ


ഒരു കിലോ ചായപ്പൊടി വാങ്ങാന്‍ എത്ര രൂപ വരെ കൊടുക്കാം. 75000 രൂപ വരെ കൊടുക്കാന്‍ ആളുണ്ട് അങ്ങ് അസാമിലെ ഗുവാഹത്തിയില്‍. അസമിലെ മനോഹരി ടീ എസ്റ്റേറ്റ് നിര്‍മ്മിക്കുന്ന മനോഹരി ഗോള്‍ഡ് തേയില പൊടി കിലോഗ്രാമിന് 75,000 രൂപയ്ക്കാണ് കഴിഞ്ഞ ദിവസം ഗുവാഹത്തിയില്‍ ലേലം ചെയ്തു പോയത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് റെക്കോര്‍ഡ് വിലക്ക് ചായപ്പൊടി ലേലം ചെയ്യുന്നത്. 2018 ല്‍ മനോഹാരി ഗോള്‍ഡ് ടീ ആദ്യമായി ഒരു കിലോഗ്രാമിന് 39,001 രൂപയ്ക്ക് വിറ്റു. 2019 ല്‍ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് ഒരു കിലോഗ്രാമിന് 50,000 രൂപയ്ക്കാണ് വിറ്റത്.
വിഷ്ണു ടീ കമ്പനിയാണ് ഈ വര്‍ഷം ഗോള്‍ഡ് ടീ വാങ്ങിയത്. കിലോഗ്രാമിന് 75,000 രൂപയ്ക്കാണ് ഏറ്റവും കൂടുതല്‍ ലേലം വിളിച്ചത്. വിഷ്ണു ടീ കമ്പനിയുടെ ചില്ലറ വില്‍പ്പനശാല, വിദേശ വാങ്ങലുകാര്‍, ഇകൊമേഴ്‌സ് വെബ്‌സൈറ്റായ ‘www.9amtea.com’ എന്നിവയ്ക്ക് വേണ്ടിയാണ് ചായപ്പൊടി ലേലത്തിലൂടെ വാങ്ങിയത്.
ചായപ്പൊടി തയ്യാറാക്കുന്നതിലാണ് ഇതിന്റെ പ്രത്യേകത. കൈകൊണ്ടാണ് ഇത് തയ്യാറാക്കുന്നത്. ഈ വര്‍ഷം 2.5 കിലോഗ്രാം ് തേയിലപ്പൊടിയാണ് ഇങ്ങനെ ഉല്‍പാദിപ്പിച്ചത്. അതില്‍ 1.2 കിലോഗ്രാം ലേലത്തില്‍ വിറ്റു. ബാക്കി തേയിലപ്പൊടി ജിടിഎസി ലോഞ്ച് ഉള്‍പ്പെടെയുള്ള തിരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാണ്. ലോകത്തിലെ അപൂര്‍വമായ ഈ ചായയുടെ ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ദിബ്രുഗഡിലെ മനോഹാരി ടീ എസ്റ്റേറ്റ് ഡയറക്ടര്‍ പാര്‍ത്ത് ലോഹിയ പറയുന്നു.