കടം വാങ്ങി കൂട്ടി; മാലി ദ്വീപ് ചൈനയുടെ നിയന്ത്രണത്തിലേക്ക്‌

മാലി ദ്വീപ് ചൈനയില്‍ നിന്നും കടം വാങ്ങിക്കൂട്ടി. ഇപ്പോള്‍ തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതായതോടെ മാലിയിലെ പ്രധാന വിമാനത്താവളങ്ങളും തുറമുഖങ്ങളുമെല്ലാം ചൈനയുടെ നിയന്ത്രണത്തിലേക്ക്. മാലിദ്വീപിലെ വിമാന താവളം, തുറമുഖം, പാലങ്ങള്‍ എന്നിവയ്ക്ക് വേണ്ടി ചൈന നിക്ഷേപിക്കുന്നത് മൂന്നര ബില്യണ്‍ ഡോളറാണ്. ഞങ്ങളുടെ മുത്തശ്ശിമാരുടെ വരെ ആഭരണങ്ങള്‍ വിറ്റാലും ചൈനയുടെ കടം വീട്ടാൻ കഴിയില്ലെന്ന് മുന്‍ മാലിദ്വീപ് പ്രസിഡന്റും പാര്‍ലമെന്ററി സ്പീക്കറുമായ മുഹമ്മദ് നഷീദ് പറഞ്ഞു. വാര്‍ഷിക ബജറ്റ് അവതരണശേഷമായിരുന്നു മുഹമ്മദ് നഷീദിന്റെ പ്രതികരണം.

വാര്‍ഷിക ബജറ്റ് തീര്‍ത്തും താങ്ങാനാവാത്തതാണ്. മാലിദ്വീപ് ചൈനയോട് 3.5 ബില്യണ്‍ ഡോളറിന് കടപ്പെട്ടിരിക്കുകയാണ്. അടുത്ത വര്‍ഷത്തെ കടത്തിന്റെ തിരിച്ചടവ് സര്‍ക്കാര്‍ വരുമാനത്തിന്റെ 53% വരും. കടം തിരിച്ചടവിന്റെ 80% ചൈനയിലേക്ക് പോകും. ഞങ്ങളുടെ മുത്തശ്ശിയുടെ ആഭരണങ്ങള്‍ വിറ്റാലും ഈ തിരിച്ചടവ് താങ്ങാനാവില്ല, ”നഷീദ് ട്വിറ്ററില്‍ കുറിച്ചു. ജൂലായില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ അയല്‍ക്കാര്‍ക്കും ഇന്ത്യന്‍ മഹാസമുദ്ര രാഷ്ട്രങ്ങള്‍ക്കും ചൈനയുടെ കടക്കെണി നയതന്ത്രത്തെക്കുറിച്ച് സൂക്ഷ്മമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സാമ്പത്തിക മുന്നേറ്റങ്ങള്‍ക്കായി ലോകരാജ്യങ്ങള്‍ ഒന്നടങ്കം മത്സരിക്കുകയാണ്. ഈ അവസരം മുതലെടുക്കുന്ന ചൈന വികസ്വരരാജ്യങ്ങളുടെ വിവിധ പദ്ധതികള്‍ക്കായി ആനുകൂല്യ വായ്പകളുടെ രൂപത്തില്‍ കോടിക്കണക്കിന് ഡോളര്‍ വിതരണം ചെയ്യുന്നു. കുറഞ്ഞ വായ്പാ വാഗ്ദാനത്തോടൊപ്പം ഗണ്യമായ നിക്ഷേപവും ഉള്‍പ്പെടുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വികസ്വര രാജ്യങ്ങള്‍ക്ക്, വായ്പയുടെ തിരിച്ചടവ് അസാദ്ധ്യമാണ്.

ഇതിലൂടെ ചൈനയ്ക്ക് കടാശ്വാസത്തിന് പകരമായി ആനുകൂല്യങ്ങളോ നേട്ടങ്ങളോ ആവശ്യപ്പെടാന്‍ അവസരം ലഭിക്കുന്നു. കടാശ്വാസത്തിന് പകരമായി ചൈനയ്ക്ക് ആവശ്യപ്പെടാവുന്ന നിരവധി ഗുണങ്ങളോ ആനുകൂല്യങ്ങളോ ഉണ്ട്. ഹംബാന്റോട്ട തുറമുഖ പദ്ധതിയുടെ നിയന്ത്രണം 99 വര്‍ഷത്തേക്ക് ചൈനയ്ക്ക് കൈമാറാന്‍ ശ്രീലങ്ക നിര്‍ബന്ധിതരായത് ഇത്തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ്.