കെഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ അഞ്ചിന്

തിരുവനന്തപുരം. സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഇന്റര്‍നെറ്റ് സംവിധാനമായ കെഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ അഞ്ചിന് നടക്കും. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം കെഫോണ്‍ മുഖേന ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
നിലവില്‍ 18000 ഓളം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെഫോണ്‍ മുഖേന ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിക്കഴിഞ്ഞു. 7000 വീടുകളില്‍ കണക്ഷന്‍ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചു. അതില്‍ 748 കണക്ഷന്‍ നല്‍കി.
കെഫോണ്‍ പദ്ധതിക്ക് അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ കാറ്റഗറി 1 ലൈസന്‍സും ഔദ്യോഗികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസന്‍സും നേരത്തെ ലഭ്യമായിരുന്നു.
രാജ്യത്താദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സംവിധാനം ആരംഭിക്കുന്നത്.