മാര്‍ച്ച് മാസത്തില്‍ വിദേശ കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്നു പിന്‍വലിച്ചത് 55007 കോടി രൂപ

0

മുംബൈ: സെന്‍സെക്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ത്രൈമാസ തകര്‍ച്ച. 2010 ജനുവരി മുതല്‍ മാര്‍ച്ച് വരെ സെന്‍സെക്‌സ് തകര്‍ന്നത് 31 ശതമാനം. കൊറോണ വൈറസ് ബാധയെത്തുടര്‍ന്നാണ് മാര്‍ക്കറ്റ് തകരാന്‍ കാരണം. ഇതേ കാലയളവില്‍ നിഫ്റ്റി 31.9 ശതമാനവും തകര്‍ന്നു. 1992നു ശേഷമുണ്ടായ ഏറ്റവും വലിയ ത്രൈമാസത്തകര്‍ച്ചയാണ്.
2019-20 സാമ്പത്തിക വര്‍ഷം നിഫ്റ്റി 28.8 ശതമാനവും സെന്‍സെക്‌സ് 26.6 ശതമാനവും വിലയിടിഞ്ഞു. അതേസമയം 2018-19 നെ അപേക്ഷിച്ച് 37.9 ശതമാനമാണ് വിപണിയിലെ തകര്‍ച്ച.
55007 കോടി രൂപയാണ് വിദേശ കമ്പനികള്‍ ഇന്ത്യയില്‍ നിന്നു ഓഹരിയിലൂടെ മാര്‍ച്ച് മാസത്തില്‍ പിന്‍വലിച്ചത്. 2002നു ശേഷം ആദ്യമായാണ് ഒരു മാസത്തിനുള്ളില്‍ ഇത്രയും തുക പിന്‍വലിക്കപ്പെടുന്നത്.
അതേസമയം സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായ ഇന്ന് ഓഹരിവിപണിയില്‍ ഉയര്‍ച്ച രേഖപ്പെടുത്തി. 1028 പോയിന്റ് ഉയര്‍ന്ന് സെന്‍സെക്‌സ് 29468 പോയിന്റിലെത്തി. 316 പോയിന്റ് ഉയര്‍ന്ന് നിഫ്റ്റി 8597ലുമെത്തി.

കൊറോണയ്ക്കു പിന്നാലെ ക്രൂഡ് ഓയില്‍ തകര്‍ച്ചയും; 18 വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ച, പക്ഷേ ഇന്ത്യയില്‍ വില കുറയുന്നില്ല

0

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 18 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ഇന്നലെ ഉച്ചയോടെ ഡബ്ലിയു.ടി.ഐ ക്രൂഡ് വില 20 ഡോളറിലേക്ക് താഴ്ന്നു.
കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ഓയില്‍ വിലയുടെ ആവശ്യകത കുറഞ്ഞതാണ് വില കുറയാന്‍ കാരണം.. 5.67 ശതമാനം വിലയാണ് മുന്‍ ദിവസത്തെ അപേക്ഷിച്ച് കുറഞ്ഞത്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 26 ഡോളറിലേക്ക് താഴ്ന്നു. എട്ടു ശതമാനം വിലയാണ് കുറഞ്ഞത്. ഈ വര്‍ഷം ഓയിലിന് വില കുറഞ്ഞത് 60 ശതമാനമാണ്. 2002നു മുമ്പാണ് ഇതിനു മുമ്പ് ഇത്രയും വലിയ വിലത്തകര്‍ച്ചയുണ്ടായത്.
അതേസമയം രാജ്യങ്ങള്‍ തമ്മിലുള്ള യാത്രാതടസ്സം നേരിടുന്നതിനാല്‍ ഓയിലിന്റെ ആവശ്യകത ലോകത്ത് ഇനിയും കുറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ആഗോളതലത്തില്‍ വില കുറഞ്ഞിട്ടും രാജ്യത്ത് പെട്രോളിന്റേയും ഡീസലിന്റേയും വില ആനുപാതികമായി കുറയുന്നില്ല. 2019 ഡിസംബറിന് ശേഷം ക്രൂഡ് ഓയില്‍ വിലയില്‍ അറുപത് ശതമാനത്തിലേറെ ഇടിവാണ് ഉണ്ടായത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില എക്കാലത്തേയും കുറഞ്ഞ നിരക്കില്‍ തുടരുമ്പോഴാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ കൂട്ടുകയും ചെയ്തു.
ഡിസംബറില്‍ ബാരലിന് 65.5 ഡോളര്‍ ഉണ്ടായിരുന്നിടത്തു നിന്ന് മാര്‍ച്ച് പകുതി ആയപ്പോഴേക്കും 26.32 ഡോളറിലേക്ക് ആണ് കൂപ്പുകുത്തിയിരിക്കുന്നത്.
ഇപ്പോള്‍ 22.98 രൂപയാണ് പെട്രോളിന്റെ എക്‌സൈസ് തീരുവ. ഡീസലിന് 18.83 രൂപയും. പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ കണക്കു പ്രകാരം 2019 ഏപ്രില്‍-സെപ്തംബര്‍ കാലയളവില്‍ രാജ്യത്ത് 15.3 കോടി ലിറ്റര്‍ പെട്രോളും 26.99 കോടി ലിറ്റര്‍ ഡീസലും ദിനംപ്രതി വില്‍ക്കുന്നുണ്ട്. അഥവാ, ഒരു ദിനം കൊണ്ട് എക്‌സൈസ് ഡ്യൂട്ടിയില്‍നിന്ന് മാത്രം സര്‍ക്കാറിന്റെ ഖജനാവിലെത്തുന്നത് 860 കോടി രൂപയാണ്. ഒരു മാസം 25800 കോടി രൂപ. തീരുവ വര്‍ധിപ്പിച്ചതു വഴി മാത്രം കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് 11 ലക്ഷം കോടിയിലേറെ രൂപയാണ് സര്‍ക്കാര്‍ ഖജനാവിലെത്തിച്ചത്.

യുഎഇയില്‍ 24 മണിക്കൂറിനിടെ മൂന്നു മരണം; 78 ഇന്ത്യക്കാര്‍ക്ക് രോഗം, സൗദിയില്‍ രോഗികളുടെ എണ്ണം 1453 ആയി

0

ദുബായ്: കൊറോണവൈറസ് ബാധിച്ച് 24 മണിക്കൂറിനിടെ യുഎഇയില്‍ മൂന്നു മരണം കൂടി. ഇതോടെ കോവിഡ് ബാധിച്ച് യുഎഇയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. തിങ്കളാഴ്ച വൈകീട്ട് 42 കാരനായ ഏഷ്യന്‍ വംശജനും 48 വയസുള്ള അറബ് വനിതയുമാണ് മരിച്ചതെന്ന് ആരോഗ്യ, പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച രാത്രി 47 വയസുള്ള അറബ് വനിതയും മരിച്ചിരുന്നു.
രാജ്യത്തെ കൊറോണവൈറസ് ബാധിതരുടെ എണ്ണം 611 ആയി ഉയര്‍ന്നു. പുതുതായി 41 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണിത്. യുഎഇയില്‍ 78 ഇന്ത്യക്കാര്‍ക്ക് വൈറസ് ബാധിച്ചിരുന്നു. ഇതില്‍ രണ്ടു പേര്‍ക്ക് രോഗം ഭേദമായി. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി ഇടപഴകിയവര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരെന്ന് മന്ത്രാലയം അറിയിച്ചു.
അതേസമയം സൗദിയില്‍ 154 പേര്‍ക്കു കൂടി ഇന്നു കൊവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1453 ആയി ഉയര്‍ന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ യാത്രയുമായി ബന്ധപ്പെട്ടാണ് വൈറസ് വ്യാപനം നടന്നത്. 138 പേര്‍ക്കു രോഗം ബാധിച്ചത് രോഗികളുമായുള്ള സമ്പര്‍ക്കം കാരണമാണ്. മക്ക 40, ദമ്മാം 34, റിയാദ് 22 മദീന,22 ജിദ്ദ 9, ഹുഫൂഫ് 6, അല്‍ഖോബാര്‍ 6, ഖതീഫ് 5, തബൂക് 2, ബുറൈദ ഖമീസ് മുഷൈത് ദഹ്റാന്‍ സാംത, അല്‍ദവാദ്മി, തുടങ്ങിയ സ്ഥലങ്ങളില്‍ ഓരോരുത്തര്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ചികില്‍സയില്‍ കഴിയുന്ന രോഗികളില്‍ 22 പേര്‍ തീവ്രപരിചരണ വിഭഗാത്തില്‍ കഴിയുന്നു. 49 പേര്‍ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ 115 പേരെ കൊറോണ വൈറസ് ബാധ ചികില്‍സിച്ച് ബേധമാക്കാന്‍ സാധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം കൊവിഡ് ബാധയെ തുടര്‍ന്ന് 24 മണിക്കൂറിനിടെ ഇന്ത്യയില്‍ നാല് പേര്‍ മരിച്ചു. പുതുതായി 92 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 1200 ആയതായും ലാവ് അഗര്‍വാള്‍ അറിയിച്ചു. കൊവിഡ് മൂലം 29 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുേമ്ബാള്‍ രാജ്യത്തെ കൊവിഡ് ബാധിച്ചവരുടെ എണ്ണം കുറവാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് വ്യാപനം തടയുന്ന കാര്യത്തില്‍ ഇനിയുള്ള പത്തുദിവസം നിര്‍ണായകമാണെന്നും ലാവ് അഗര്‍വാള്‍ പറഞ്ഞു. രോഗബാധ പടരാതിരിക്കാന്‍ ശ്രദ്ധിക്കണം. സാമൂഹിക അകലം പാലിക്കണമെന്നും, ലോക്ക്ഡൗണ്‍ നിയന്ത്രണം അനുസരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഓഹരിവിപണിയില്‍ വില്പന സമ്മര്‍ദ്ദം; സെന്‍സെക്‌സ് ആയിരം പോയിന്റിലധികം തകര്‍ന്നു

0

മുംബൈ: രാജ്യത്തെ ഓഹരിവിപണികളില്‍ ഒരാഴ്ച്ചത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും തകര്‍ച്ച. സെന്‍സെക്‌സ് 1038 പോയിന്റും നിഫ്റ്റി 280 പോയിന്റും തകര്‍ന്നു. എന്‍.എസ്.ഇ 8390 പോയിന്റിലും സെന്‍സെക്‌സ് 28779 പോയിന്റിലുമാണ് വ്യാപാരം നടക്കുന്നത്.
ഏഴു ശതമാനത്തിലധികം തകര്‍ച്ചയാണ് എച്ച്.ഡി.എഫ്.സി ബാങ്കും എച്ച്.ഡി.എഫ്.സിയും നേരിട്ടത്. സിപ്ല, ഡോ.റെഡ്ഡി, ടെക്എം തുടങ്ങിയ ഓഹരികള്‍ നേട്ടം കൊയ്തു.
ബജാജ് ഫിനാന്‍സ്, എം ആന്‍ഡ് എം, ജെ.എസ്.ഡബ്ലിയും സ്റ്റീല്‍ എന്നിവ ഒന്‍പതു ശതമാനത്തിലധികം തകര്‍ന്നു.

തമിഴ്‌നാടിന് കേരളത്തിന്റെ പാല്‍ വേണ്ട; കേരളം പ്രതിസന്ധിയില്‍

0

മലപ്പുറം: : കേരളത്തില്‍ കൊവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിന്റെ പാല്‍ വേണ്ടെന്ന് തമിഴ്‌നാട്. ഇതോടെ മില്‍മ പ്രതിസന്ധിയിലായി. മില്‍മ മലബാര്‍ യൂണിയന് കീഴില്‍ പ്രതിദിനം രണ്ട് ലക്ഷം ലിറ്റര്‍ പാല്‍ ബാക്കി വരും.നാളെ മുതല്‍ കര്‍ഷകരില്‍ നിന്ന് പാല്‍ സംഭരിക്കാന്‍ കഴിയാത്ത സാഹചര്യമെന്ന് മില്‍മ മലബാര്‍ മേഖല യൂണിയന്‍ അറിയിച്ചു.

സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം മന്ത്രി കെ കൃഷ്ണന്‍കുട്ടി തമിഴ്‌നാട്ടിലെ മന്ത്രിയുമായി ടെലിഫോണില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. പക്ഷേ പാല്‍ സ്വാകരിക്കാമെന്ന ഉറപ്പ് തമിഴ്‌നാട് കേരളത്തിന് ഇതുവരെ നല്‍കിയിട്ടില്ല.വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് മില്‍മ മുഖ്യമന്ത്രിയെ സമീപിച്ചു. ലോക്ക് ഡൌണിനെ തുടര്‍ന്ന് മില്‍മയുടെ പാല്‍വില്‍പന കുത്തനെ കുറഞ്ഞിരുന്നു. ഇത് സംഭരണത്തെ പ്രതിസന്ധിയിലാക്കുമെന്ന ഘട്ടം വന്നതോടെയായിരുന്നു പാല്‍ തമിഴ്‌നാട്ടിലെത്തിച്ച്‌ പാല്‍പൊടിയാക്കി മാറ്റാനുള്ള മില്‍മയുടെ തീരുമാനം. അതേ സമയം പച്ചക്കറി അടക്കം അവശ്യസാധനങ്ങള്‍ മുടക്കം കൂടാതെ കേരളത്തിലേക്ക് എത്തിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരുമായി കേരളം ധാരണയായിരുന്നു.

കൊറോണ ലോക് ഡൗണ്‍; മൂന്ന് ടണ്‍ തക്കാളി തടാകത്തില്‍ തള്ളി

0

ബാംഗ്ലൂര്‍: കൊറോണ കാര്‍ഷിക മേഖലയേയും ബാധിക്കുന്നു. കാര്‍ഷിക ഉല്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാതെ കര്‍ഷകര്‍ വിളകള്‍ നശിപ്പിക്കുകയാണ്. വിറ്റഴിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മണ്ഡ്യയില്‍ മൂന്ന് ടണ്‍ തക്കാളിയാണ് കര്‍ഷകന്‍ തടാകത്തില്‍ തള്ളിയത്. ലോക്ഡൗണിനെ തുടര്‍ന്ന് വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ തക്കാളി വില്‍പനകേന്ദ്രങ്ങളിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇവ ചീഞ്ഞ് തുടങ്ങിയതോടെയാണ് തടാകത്തില്‍ തള്ളേണ്ടി വന്നത്. മൈസൂരുവിലേക്ക് തക്കാളി എത്തിക്കാന്‍ വേണ്ടി ലോറിയില്‍ കയറ്റിയിരുന്നെങ്കിലും പൊലീസ് തടഞ്ഞതോടെ തിരിച്ചെത്തിച്ചു.

അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഒരു ലക്ഷത്തില്‍ നിര്‍ത്താനാകുമെന്ന് വൈറ്റ് ഹൗസ് പ്രതീക്ഷ

0

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ചുള്ള മരണം ഒരു ലക്ഷത്തിനുള്ളിലായാല്‍ നേട്ടമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയില്‍ ഷട്ട്ഡൗണ്‍ ഒരു മാസത്തേക്ക് കൂടി നീട്ടിക്കൊണ്ട് വൈറ്റ്ഹൗസില്‍ നടത്തിയ പ്രഖ്യാപനത്തിനിടെയാണ് ട്രംപിന്റെ പരാമര്‍ശം. ജൂണ്‍ ഒന്നിനുള്ളില്‍ അമേരിക്കയില്‍ കാര്യങ്ങള്‍ സാധാരണഗതിയിലാകുമെന്നും ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് ഈസ്റ്ററിന് (ഏപ്രില്‍ 12) അമേരിക്കയിലെ നിയന്ത്രണങ്ങള്‍ നീക്കുമെന്നായിരുന്നു പ്രസിഡന്റ് ട്രംപ് അറിയിച്ചിരുന്നത്. അമേരിക്കയില്‍ കൊറോണ വൈറസ് പടര്‍ന്ന ആദ്യ ആഴ്ച്ചകളില്‍ ലാഘവത്തോടെ കണ്ടതാണ് ഇപ്പോള്‍ വലിയ വില കൊടുക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന് വിമര്‍ശങ്ങളുണ്ട്. 15 ദിവസത്തെ നിയന്ത്രണം തിങ്കളാഴ്ച്ച തീരാനിരിക്കെ ഞായറാഴ്ച്ചയായിരുന്നു ട്രംപ് ലോക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടിയിരിക്കുന്നത്. അമേരിക്കന്‍ സര്‍ക്കാരിലെ പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ. ആന്റണി ഫൗസി തന്നെ അമേരിക്കയില്‍ ദശലക്ഷക്കണക്കിന് കൊറോണ വൈറസ് ബാധിതരും കുറഞ്ഞത് ഒരു ലക്ഷം മരണങ്ങളും ഉണ്ടാകാമെന്ന് പരസ്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നു. ട്രംപ് ലോക്ഡൗണ്‍ നീട്ടിയതിനെ ഡോ. ഫൗസി സ്വാഗതം ചെയ്തിട്ടുമുണ്ട്. കൊറോണ വൈറസിനെ അതിന്റെ പാട്ടിന് വിട്ടാല്‍ അമേരിക്കയില്‍ 22 ലക്ഷം പേര്‍ മരിക്കുമെന്നാണ് ഒടുവില്‍ ട്രംപ് പറഞ്ഞത്. നിയന്ത്രണങ്ങള്‍ മൂലം ഈ മരണസംഖ്യ ഒരു ലക്ഷത്തിലേക്ക് താഴ്ത്താനായാല്‍ അതൊരു നേട്ടമാണെന്നും ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയില്‍ പേര്‍ അമേരിക്കയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചാല്‍ പോലും അത് മികച്ച പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നും ട്രംപ് അവകാശപ്പെടുന്നു.

കേരളത്തില്‍ വീണ്ടും സാലറി ചലഞ്ച്; പ്രതിപക്ഷവും സഹകരിക്കും

0

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യത്തെ പ്രളയകാലത്തിലെന്നപോലെ വീണ്ടും സാലറി ചലഞ്ച്. കൊറോണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന. പ്രത്യേക കാലത്ത് ജീവനക്കാര്‍ സഹായിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് സംഘടനാ നേതാക്കളുമായി അദ്ദേഹം പ്രത്യേകം പ്രത്യേകം ചര്‍ച്ച നടത്തി. കൊറോണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇങ്ങനെ ലഭിക്കുന്ന പണം ഉപയോഗിക്കാം എന്നാണു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
അതേസമയം സാലറി ചലഞ്ചിനോട് സഹകരിക്കാമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു മാസത്തെ ശമ്പളം എന്നതില്‍ ഇളവുവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2018ലെ പ്രളയത്തിനുശേഷം നവകേരളനിര്‍മ്മിതിക്കാണ് സംസ്ഥാന സര്‍ക്കാര്‍ സാലറി ചാലഞ്ച് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്ത ശമ്പളം നല്‍കണമെന്നായിരുന്നു ആവശ്യം.
സംസ്ഥാനത്തെ 80 ശതമാനത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഇത് ഏറ്റെടുത്തിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. ഭരണപക്ഷ അനുകൂല സംഘനയിലുള്ളവര്‍ ഭൂരിഭാഗവും സാലറി ചലഞ്ചിനെ അനുകൂലിച്ചിരുന്നെങ്കിലും പ്രതിപക്ഷ സംഘടനകളില്‍ ഉള്ളവര്‍ ഇതിനെ എതിര്‍ത്തിരുന്നു.

മുതിര്‍ന്ന പൗരന്മാര്‍ ബാങ്കുകളില്‍ പോകരുത്; അനാവശ്യ സന്ദര്‍ശനം നിര്‍ത്തണമെന്ന് ബെഫി

0

തിരുവനന്തപുരം: ബാങ്കുകളില്‍ തിരക്കുണ്ടാകാതെ ഉപയോക്താക്കള്‍ ശ്രദ്ധിക്കണം. കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമൂഹ്യക്ഷേമ പെന്‍ഷന്‍, വനിതകള്‍ക്ക് ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പണം, മറ്റ് സര്‍വ്വീസ് പെന്‍ഷനുകള്‍ ഇവയെല്ലാം അര്‍ഹതപ്പെട്ടവരുടെ അക്കൗണ്ടുകളില്‍ വരവ് വച്ച് കഴിഞ്ഞിട്ടുണ്ട്. സ്വാഭാവികമായും വരും ദിവസങ്ങളില്‍ ബാങ്ക് ശാഖകളില്‍ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അക്കൗണ്ടില്‍ പണമെത്തിയോ എന്നറിയുന്നതിനും പാസ് ബുക്ക് പതിക്കുന്നതിന് മാത്രമായും ശാഖകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം.
പണം എത്തിയോ എന്നത് ഫോണ്‍ ചെയ്‌തോ അതാത് ബാങ്കുകള്‍ നല്കിയിരിക്കുന്ന മിസ്ഡ് കോള്‍ സൗകര്യമുപയോഗിച്ചോ പരിശോധിക്കാവുന്നതാണ്. സമ്പൂര്‍ണ ഷട്ട് ഡൗണ്‍ സാഹചര്യത്തില്‍ പണം ആവശ്യമുണ്ടെങ്കില്‍ മാത്രമേ എടുക്കേണ്ടതുള്ളു. എടിഎം സൗകര്യം ഉള്ളവര്‍ക്ക് ഏത് എടിഎം കൗണ്ടറുകളിലൂടെയും പണം പിന്‍വലിക്കാവുന്നതാണ്.
എടിഎം ഉപയോഗിക്കുമ്പോഴും എല്ലാ സുരക്ഷാ മുന്‍കരുതലും എടുക്കാന്‍ മറക്കരുത്. മുതിര്‍ന്ന പൗരന്‍മാര്‍ ശാഖകളിലെത്തുന്നത് പരമാവധി ഒഴിവാക്കണം. ഒരേ സമയം അഞ്ചിലധികം ഇടപാടുകാര്‍ ഒരു ശാഖയില്‍ പ്രവേശിക്കരുത്. പണം എടുക്കുക, നിക്ഷേപിക്കുക, ചെക്ക് ക്ലിയറിംഗ്, റെമിറ്റന്‍സ്, സര്‍ക്കാര്‍ ഇടപാടുകള്‍ എന്നീ സേവനങ്ങള്‍ മാത്രമേ ഷട്ട്ഡൗണ്‍ കാലത്ത് ലഭ്യമാവുകയുള്ളൂ. പാസ് ബുക്ക് പ്രിന്റിംഗ് ഉള്‍പ്പടെയുള്ളവ ഷട്ട് ഡൗണ്‍ കാലാവധിക്കു ശേഷമേ ലഭ്യമാവുകയുള്ളു. പനി, ചുമ, തൊണ്ട വേദന, മൂക്കൊലിപ്പ് എന്നിവയുള്ളവര്‍ ഈ കാലയളവില്‍ ബാങ്ക് ശാഖകള്‍ സന്ദര്‍ശിക്കരുത്. ഭരണാധികാരികള്‍ നിര്‍ദ്ദേശിച്ച പ്രകാരം വീടുകളില്‍ നിന്ന് കഴിവതും പുറത്തിറങ്ങാതെ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഇടപാടുകാര്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ബാങ്കുകളില്‍ പണിയെടുക്കുന്ന സ്ഥിരം ജീവനക്കാരും കോണ്‍ട്രാക്ട്, ദിവസക്കൂലി അടിസ്ഥാനത്തില്‍ പണിയെടുക്കുന്നവരും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്തണം. എല്ലാ ജീവനക്കാരും മാസ്‌ക് ധരിക്കണം. കറന്‍സി കൈകാര്യം ചെയ്യുന്നവര്‍ കൈയുറ ധരിക്കാനും മറക്കരുത്. കൈകള്‍ ഇടക്ക് സോപ്പുപയോഗിച്ച് കഴുകണം. ഓര്‍ക്കുക ഒരു അസുഖ ബാധിതന്‍ ശാഖ സന്ദര്‍ശിക്കുകയോ ശാഖയിലെ ഒരു ജീവനക്കാരന്‍ അസുഖബാധിതനാവുകയോ ചെയ്താല്‍ ആ ശാഖയിലെ എല്ലാ ജീവനക്കാരും ക്വാറന്റയിനില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധതിരാകും. ഇത് പ്രസ്തുത ശാഖയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനത്തെയും ബാധിക്കും. ബാങ്കിങ് ഇടപാടുകള്‍ തടസ്സമില്ലാതെ തുടര്‍ച്ചയായി ലഭ്യമാക്കുന്നതിന് ശാഖകളിലെ തിരക്ക് പരമാവധി കുറച്ച് ശാരീരിക അകലം പാലിച്ച് എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് ടി നരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി എസ് എസ് അനില്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

കൊറോണ വൈറസ് മരണം 30882; ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നുവെന്ന് ഐ.എം.എഫ്

0

ന്യൂയോര്‍ക്ക്: കൊറോണ ബാധിക്കുന്നവരുടേയും മരിക്കുന്നവരുടേയും എണ്ണം ദിവസം തോറും വന്‍തോതില്‍ വര്‍ധിക്കുന്നതിനിടെ ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നുവെന്ന് അന്താരാഷ്ട്ര നാണയ നിധി വിലയിരുത്തി. 74 രാജ്യങ്ങളിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികള്‍ അയച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. എണ്‍പതിലേറെ രാജ്യങ്ങള്‍ സാമ്പത്തിക സഹായത്തിനായി സമീപിച്ചിട്ടുണ്ടെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവ പറഞ്ഞു. 2009ലെ മാന്ദ്യത്തേക്കാള്‍ ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 74 രാജ്യങ്ങളിലേക്ക് കൊവിഡ് പ്രതിരോധ സാമഗ്രികള്‍ അയച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 663,928. നൂറ്റി തൊണ്ണൂറിലേറെ രാജ്യങ്ങളിലായി 30,882 ആളുകളാണ് ഇതുവരെ മരിച്ചത്. യൂറോപ്പില്‍ 20,000 ലേറെ ആളുകളുടെ ജീവനാണ് കൊവിഡ് എടുത്തത്. ഇറ്റലിയിലും സ്‌പെയിനിലും കൂട്ട മരണങ്ങള്‍ തുടരുകയാണ്. സ്പെയിനില്‍ 5982 പേരാണ് മരിച്ചത്. ഇറ്റലിയില്‍ മരണ സംഖ്യ പതിനായിരം കടന്നു. ബ്രിട്ടനില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് പിന്നാലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്കിനും രോഗം സ്ഥിരീകരിച്ചു. ഇവിടെ 1019 പേരാണ് മരിച്ചത്.
പന്ത്രണ്ടു പേര്‍ മരിച്ച പാകിസ്ഥാനില്‍ രോഗികളുടെ എണ്ണം 1400 കടന്നു. അയര്‍ലന്‍ഡും വിയറ്റ്‌നാമും സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയില്‍ വിലക്ക് ലംഘിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് റബ്ബര്‍ബുള്ളറ്റ് പ്രയോഗിച്ചു. 123750 രോഗികളുള്ള അമേരിക്കയില്‍ മരണം 2227 കടന്നു. ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനാധിപന് കൊവിഡ് സ്ഥിരീകരിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അടിയന്തിര സാമ്പത്തിക പാക്കേജിന് ജനപ്രതിനിധി സഭ അംഗീകാരം നല്‍കിയിരിക്കുകയാണ്.
പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഒപ്പിട്ടതോടെ 2 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് നിലവില്‍ വന്നു. തൊഴിലില്ലായ്മ കുറയ്ക്കുക , പ്രതിസന്ധിയിലായ കുടുംബങ്ങളെ സഹായിക്കുക , ആരോഗ്യ മേഖല ശക്തമാക്കുക എന്നിവയാണ് പാക്കേജിന്റെ ലക്ഷ്യങ്ങള്‍. അഞ്ച് മിനിറ്റിനകം കോവിഡ് സ്ഥിരീകരിക്കാനാകുന്ന തരത്തില്‍ സ്വകാര്യ കമ്പനി വികസിപ്പിച്ച പരീക്ഷണ സംവിധാനപരിശോധനയ്ക്ക് അമേരിക്ക അനുമതി നല്‍കി.