മടിച്ചു നില്‍ക്കണ്ട, മുതിര്‍ന്ന പൗരന്മാര്‍ക്കും സംരംഭം തുടങ്ങാം, ധനസഹായത്തിന് ‘നവജീവന്‍’ പദ്ധതിയുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് സംരംഭം തുടങ്ങാന്‍ സഹായ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത 50-65 പ്രായപരിധിയിലുള്ളവര്‍ക്ക് സഹായത്തിനായി ‘നവജീവന്‍’ എന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ സര്‍ക്കാര്‍ സബ്‌സിഡിയോടുകൂടി വായ്പ അനുവദിക്കും. വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പാക്കുക. കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡില്‍ പുതുതായി 5 ടി.പി.എച്ച്. പ്രഷര്‍ ഫില്‍ട്രേഷനും സ്പിന്‍ പ്ലാഷ് ഡ്രൈയിംഗ് സിസ്റ്റവും സ്ഥാപിക്കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. 65 കോടി രൂപയാണ് ഇതിന്റെ ചിലവ്. കെ.എം.എം.എല്ലില്‍ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിലേയ്ക്ക് 235 തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കും. പൈതൃക പഠനകേന്ദ്രത്തിലെ അംഗീകൃത തസ്തികകളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് 10ാം ശമ്പള പരിഷ്‌കരണം നടപ്പാക്കാന്‍ തീരുമാനിച്ചു.